‘കപ്പൽ മുങ്ങിയത് സാങ്കേതിക പ്രശ്നങ്ങൾ കാരണം; ഹാനികരമായ വസ്തുക്കൾ പുറത്തേക്ക് പോയിട്ടില്ല; എണ്ണ പടർന്നത് നിയന്ത്രണ വിധേയം’
കൊച്ചി∙ കേരള തീരത്ത് അറബിക്കടലിൽ എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ പതാക വഹിച്ച കപ്പൽ മുങ്ങാനിടയായത് സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാകാമെന്നു പ്രാഥമിക നിഗമനം. കാൽസ്യം കാർബൈഡ് ഉൾപ്പെടെ ഹാനികരമാകുന്ന വസ്തുക്കളൊന്നും ഇതുവരെ പുറത്തേക്ക് പോയിട്ടില്ല.
എണ്ണ പടർന്നത് നിലവിൽ നിയന്ത്രണവിധേയമാണെന്നും കപ്പലിനുള്ളിലെ ഇന്ധനം പൂർണമായി ജൂലൈ മൂന്നിനകം നീക്കം ചെയ്യുമെന്നും ഷിപ്പിങ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ വ്യക്തമാക്കി. കേരള തീരത്ത് കപ്പൽ മുങ്ങിയ സാഹചര്യത്തിൽ പാരിസ്ഥിതിക പ്രശ്നമടക്കം ഉണ്ടാക്കിയ ആശങ്കകള്‍ പരിഹരിക്കുന്നതിനായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
Also Read
27 വർഷം പഴക്കമുള്ള കപ്പൽ എല്ലാ രാജ്യാന്തര മാനദണ്ഡങ്ങളും പാലിച്ചാണ് സർവീസ് നടത്തിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഷിപ്പിങ് ഡയറക്ടർ ജനറലിനു പുറമെ ചീഫ് സർവെയർ അജിത് സുകുമാരൻ, നോട്ടിക്കൽ അഡ്വൈസർ ക്യാപ്റ്റൻ അബ്ദുൾകലാം ആസാദ്, മെർക്കന്റൈൽ മറൈൻ വിഭാഗം പ്രിൻസിപ്പൽ ഓഫീസർ ജെ.സെന്തിൽ കുമാർ തുടങ്ങിയവരാണ് കപ്പൽ അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടത്.
കപ്പലിന് രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമുള്ള അനുമതികളും ഇൻഷുറന്‍സുമുണ്ട്. 27 വര്‍ഷമായി എന്നത് കപ്പൽ ഉപേക്ഷിക്കേണ്ട
സമയമാണ്. മാനദണ്ഡങ്ങൾ അനുസരിച്ച് കപ്പൽ യാത്രായോഗ്യമാണോ എന്നതാണ് പരിശോധിക്കേണ്ടത്.
പ്രധാനമായും ബല്ലാസ്റ്റ് മാനേജ്മെന്റ് സംവിധാനത്തിന് തകരാർ സംഭവിച്ചിരിക്കാം എന്നാണ് കരുതുന്നത്. അതോെട
കപ്പലിന് സന്തുലനം നഷ്ടപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. അന്വേഷണത്തിലൂടെ ഇക്കാര്യങ്ങൾ പുറത്തുവരുമെന്നും അധികൃതർ വ്യക്തമാക്കി.
Also Read
നിലവില്‍ 50 കണ്ടെയ്നറുകളാണ് കരയിൽ അടിഞ്ഞിട്ടുള്ളത്. കൊല്ലം– 41, ആലപ്പുഴ– 2, തിരുവനന്തപുരം–6 എന്നിങ്ങനെയാണ്.
മറ്റൊരു കണ്ടെയ്നർ വിഴിഞ്ഞത്തിനടത്തും കണ്ടെത്തിയിട്ടുണ്ട്. ഡെക്കിൽ 296 കണ്ടെയ്നറുകൾ ഉണ്ടായിരുന്നതിൽ 5 എണ്ണത്തിൽ കാൽസ്യം കാർബൈഡാണ്.
ഇത്തരത്തിൽ 13 കണ്ടെയ്നറുകളാണ് ഉള്ളത്. കാൽസ്യം കാർബൈഡ് അടങ്ങിയ ഏഴു കണ്ടെയ്നറുകളും റബർ കലർന്ന രാസമിശ്രിതത്തിന്റെ ഒരു കണ്ടെയ്നറുമാണ് കപ്പലിന്റെ താഴെ ഭാഗത്തുള്ളത്.
ഇതെല്ലാം കപ്പലിനൊപ്പം കടലിന്റെ അടിയിൽ തന്നെയാണ്. 50 അടി താഴ്ചയിലാണ് കപ്പൽ കിടക്കുന്നത്.
കപ്പലിന്റെ ഇന്ധന ടാങ്ക് പൊട്ടിയിട്ടില്ല. 367 ടൺ ഹെവി ഫ്യൂവൽ ഓയിൽ, 64 ടൺ ഡീസൽ ഓയിൽ തുടങ്ങിയവയാണ് കപ്പലിൽ ഉണ്ടായിരുന്നത്.
കപ്പലിലെ എണ്ണ പുറത്തെടുക്കുക, ഒഴുകിനടക്കുന്ന കണ്ടെയ്നറുകൾ വീണ്ടെടുക്കുക, തീരത്തടിയുന്ന കണ്ടെയ്നറുകള്‍ നീക്കം ചെയ്യുക എന്നിവയാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read
പൊങ്ങിക്കിടക്കുന്ന കണ്ടെയ്നറുകൾ ഈ മാസം 31നകം ശേഖരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണപ്പാട
നീക്കുന്നത് ജൂൺ 1 ആകുമ്പോഴേക്കും സാധ്യമായേക്കും. കരയ്ക്കടിയുന്ന മാലിന്യങ്ങൾ ജൂൺ നാലിനകം നീക്കാമെന്നും ജൂലൈ മൂന്നിനകം എണ്ണ പൂർണമായും വീണ്ടെടുക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന കപ്പലിൽനിന്ന് ഇന്ധനം വീണ്ടെടുക്കാനുള്ള ശ്രമം ജൂൺ 13ന് ആരംഭിക്കും. ഇന്ധനം വീണ്ടെടുത്ത ശേഷമായിരിക്കും അടിത്തട്ടിൽ കിടക്കുന്ന കണ്ടെയ്നറുകൾ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുകയെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഏറ്റവുമൊടുവിലായിരിക്കും കപ്പൽ സ്ഥലത്തുനിന്ന് മാറ്റുന്നത്. ഇതിനെല്ലാമൊടുവിൽ ഇൻഷുറൻസും നഷ്ടപരിഹാരവുമെല്ലാം രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസരിച്ചു തന്നെ ലഭിക്കാനുള്ള കാര്യങ്ങൾ ചെയ്യും.
പരിസ്ഥിതി നാശം തടയുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എണ്ണപ്പാട
കരയിലേക്ക് എത്തുന്നത് തടയാൻ ഇതുവരെ സാധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

