
കലയുടെ ഇല്ലം ഒരുങ്ങി; കേരള സർവകലാശാല കലോത്സവം ഇന്നു മുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ കലകളുടെയും സംഗീതത്തിന്റെയും യൗവനത്തിളക്കവുമായി കേരള സർവകലാശാല കലോത്സവത്തിന് ഇന്ന് കൊല്ലം നഗരത്തിൽ തുടക്കമാകും. രാവിലെ 10 മുതൽ 11 വേദികളിലായി മത്സരങ്ങൾ ആരംഭിക്കും. പ്രധാന വേദിയായ എസ്എൻ കോളജിൽ ഇന്ന് ഉച്ചയ്ക്ക് 3ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 31ന് വൈകിട്ട് 5നുള്ള സമാപന സമ്മേളനത്തിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയാവും. സമാപന ദിവസം വൈകിട്ട് 6 മുതൽ കലോത്സവത്തിലെ വിജയികളുടെ കലാപരിപാടികളും നടക്കും. കേരള സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന കലോത്സവത്തിൽ 116 ഇനങ്ങളിലായി ഇരുനൂറ്റൻപതോളം കോളജുകളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.
ജില്ലയിലെ മൺമറഞ്ഞ സാംസ്കാരിക നായകരുടെ പേരിലാണ് കലോത്സവ വേദികൾക്ക് പേരിട്ടിരിക്കുന്നത്. കലോത്സവ ജേതാക്കൾക്കുള്ള ട്രോഫി ഇന്നലെ തിരുവനന്തപുരത്തു നിന്നു കൊല്ലത്തെ പ്രധാന വേദിയിലെത്തിച്ചു. വൈസ് ചാൻസലറുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കേരള സർവകലാശാല യൂണിയന്റെ സത്യപ്രതിജ്ഞ വൈകിയത് മൂലമാണ് കലോത്സവം വൈകിയത്. അതേ സമയം കനത്ത മഴ കലോത്സവത്തിന്റെ പകിട്ട് കുറയ്ക്കുമോ എന്ന ആശങ്ക ശക്തമാണ്. പ്രധാന വേദിയായ എസ്എൻ കോളജിന്റെ പരിസരമടക്കം വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. എങ്കിലും കലായൗവനത്തിന്റെ ആവേശത്തിമിർപ്പിൽ മഴയെയും മറികടന്ന് കലോത്സവം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് സംഘാടകർ.
കലോത്സവം – വേദികൾ
1. എസ്എൻ കോളജ് കൊല്ലം (ഒ.എൻ.വി നഗർ)
2. എസ്എൻ വനിതാ കോളജ് കൊല്ലം – ഓപ്പൺ എയർ ഓഡിറ്റോറിയം (ജി.ദേവരാജൻ മാസ്റ്റർ നഗർ)
3. ടികെഎം ആർട്സ് കോളജ് കരിക്കോട് (ഭരത് മുരളി നഗർ)
4. സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ (ഒ.മാധവൻ നഗർ)
5.എസ്എൻ വനിത കോളജ് കൊല്ലം – ഓഡിറ്റോറിയം (പി.എസ്.ബാനർജി നഗർ)
6. ഫാത്തിമ മെമ്മോറിയൽ ട്രെയ്നിങ് കോളജ് പള്ളിമുക്ക് (കെ.പി.അപ്പൻ നഗർ)
7.യുഐടി മുളങ്കാടകം (വി.സാംബശിവൻ നഗർ)
8.ഫാത്തിമ മാതാ നാഷനൽ കോളജ് കൊല്ലം – കത്തിലാനി ക്യാംപസ് (ജയൻ നഗർ)
9.എസ്എൻ കോളജ് കൊല്ലം – കെമിസ്ട്രി ലാബ് (ചവറ പാറുക്കുട്ടിയമ്മ നഗർ)
10.ടികെഎം ആർട്സ് കോളജ് കരിക്കോട് – സെമിനാർ ഹാൾ (കൊട്ടാരക്കര ശ്രീധരൻ നായർ നഗർ)
11.ഫാത്തിമ മാതാ നാഷനൽ കോളജ് കൊല്ലം – കത്തിലാനി ക്യാംപസ് (കാക്കനാടൻ നഗർ).
കലോത്സവത്തിൽ ഇന്ന്
∙വേദി 1 (എസ്എൻ കോളജ്): രാവിലെ 10ന് തിരുവാതിര, വൈകിട്ട് 5ന് മോഹിനിയാട്ടം
∙വേദി 2( എസ്എൻ വനിതാ കോളജ് ഓപ്പൺ എയർ ഓഡിറ്റോറിയം): 10ന് ചാക്യാർക്കൂത്ത്, 12ന് നങ്ങ്യാർക്കൂത്ത്, ഒന്നിന് ഓട്ടൻതുള്ളൽ (ട്രാൻസ്ജെൻഡർ), 2ന് ഓട്ടൻതുള്ളൽ (പെൺ), 5ന് ഓട്ടൻതുള്ളൽ (ആൺ).
∙വേദി 3 (ടികെഎം ആർട്സ് കോളജ്) : 10ന് ഒപ്പന, 2ന് അറബിക് പ്രസംഗം. 3ന് അറബിക് പദ്യ പാരായണം, 5ന് അറബിക് അക്ഷരശ്ലോകം
∙വേദി 4 (സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ): 10ന് ക്ലാസിക്കൽ സംഗീതം (ട്രാൻസ്ജെൻഡർ), 11ന് ക്ലാസിക്കൽ സംഗീതം (പെൺ), 4ന് ക്ലാസിക്കൽ സംഗീതം (ആൺ) .
∙വേദി 5 (എസ്എൻ വനിതാ കോളജ് ഓഡിറ്റോറിയം) : 10ന് നാടൻ പാട്ട്
∙വേദി 6 (ഫാത്തിമ മെമ്മോറിയൽ ട്രെയ്നിങ് കോളജ് പള്ളിമുക്ക്) : 10ന് ഹിന്ദുസ്ഥാനി സംഗീതം (പെൺ), 12ന് ഹിന്ദുസ്ഥാനി സംഗീതം (ആൺ), 2ന് ഹിന്ദുസ്ഥാനി സംഗീതം (ട്രാൻസ്ജെൻഡർ), 3ന് ഗസൽ (പെൺ), 6ന് ഗസൽ (ട്രാൻസ്ജെൻഡർ), 7ന് ഗസൽ (ആൺ).
∙വേദി 7 (യുഐടി മുളങ്കാടകം) : 10ന് കഥകളി (പെൺ), 12ന് കഥകളി (ആൺ), 2ന് (ട്രാൻസ്ജെൻഡർ), 3ന് തമിഴ് പദ്യ പാരായണം, 5ന് തമിഴ് പ്രസംഗം.
∙വേദി 8 (ഫാത്തിമ മാതാ നാഷനൽ കോളജ്): 3ന് മാർഗംകളി
∙വേദി 9 (എസ്എൻ കോളജ് – കെമിസ്ട്രി ലാബ്): 9ന് കാർട്ടൂൺ, 11ന് രംഗോലി, 2ന് ക്ലേ മോഡലിങ്.
∙വേദി 10 (ടികെഎം ആർട്സ് കോളജ് – സെമിനാർ ഹാൾ): 10ന് സംഘഗാനം.
∙വേദി 11 (ഫാത്തിമ മാതാ നാഷനൽ കോളജ്): 9ന് തമിഴ് ഉപന്യാസം, 19ന് ഇംഗ്ലിഷ് ഉപന്യാസം, 11ന് ഹിന്ദി ഉപന്യാസം, 12ന് മലയാളം ഉപന്യാസം, ഒന്നിന് മലയാളം കഥാരചന, 2ന് ഇംഗ്ലിഷ് കഥാരചന, 3ന് സംസ്കൃതം കഥാരചന, 4ന് തമിഴ് കഥാരചന, 5ന് അറബിക് കഥാരചന, 6ന് ഹിന്ദി കഥാരചന.