
എടാട്ട് പുതിയ ദേശീയപാതയിൽ വ്യാപക വിള്ളൽ; പശ നിറച്ച് അടച്ച ഭാഗത്തും വിള്ളൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പയ്യന്നൂർ ∙ എടാട്ട് പുതിയ ദേശീയപാതയിൽ വ്യാപകവിള്ളൽ. പയ്യന്നൂർ ബൈപാസ് ദേശീയപാതയുമായി ചേരുന്ന എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ് മുതൽ കണ്ണൂർ ഭാഗത്തേക്കുള്ള പാതയിലാണ് 250 മീറ്ററിനുള്ളിൽ ഒട്ടേറെ വിള്ളലുകൾ ഉണ്ടായത്. ഞായർ രാവിലെ 50 മീറ്ററോളം നീളത്തിൽ കണ്ടെത്തിയ വിള്ളലിൽ ദേശീയപാത അധികൃതർ പശയും മറ്റും നിറച്ച് വിള്ളൽ കാണാത്ത രീതിയിലാക്കിയിരുന്നു. എന്നാൽ തിങ്കൾ രാവിലെ ഓട്ടയടച്ച സ്ഥലത്ത് വീണ്ടും വിള്ളൽ ഉണ്ടാവുകയും മറ്റ് ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. 12 തൊഴിലാളികൾ ഇന്നലെ രാവിലെ മുതൽ വിള്ളലുകളിൽ പശ നിറച്ചെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഒരേ സ്ഥലത്ത് തന്നെ സമാന്തരമായി രണ്ടും മൂന്നും വിള്ളലുകൾ ഉണ്ട്. ടാർ ചെയ്യാത്ത ഭാഗത്തും വിള്ളലുണ്ട്. ദേശീയപാതയുടെ വശങ്ങളിൽ സ്ഥാപിച്ച് സ്ലാബുകളിലും വിള്ളൽ വീണിട്ടുണ്ട്. ദേശീയപാത ഇരുഭാഗങ്ങളായി വേർതിരിക്കാൻ സ്ഥാപിച്ച സ്ലാബുകളുടെ അരികുകളിലെ ടാറിങ് 50 മീറ്ററിലധികം നീളത്തിൽ ഇളകിപ്പോയി. ഇവിടെ ഒരു ഭാഗത്ത് സിമന്റ് നിറച്ച് വിള്ളൽ അടച്ചിട്ടുണ്ട്. എന്നാൽ മറുഭാഗത്ത് ആ വിള്ളലുണ്ട്. ബൈപാസ് ചേരുന്ന സ്ഥലത്ത് പയ്യന്നൂരിൽ നിന്നുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ നിർമിച്ച അണ്ടർപാസിന്റെ ഉയരത്തിൽ സ്ലാബുകൾ ചേർത്ത് വച്ച് മണ്ണിട്ട് നിറച്ചാണ് റോഡ് ടാർ ചെയ്തത്. അവിടെയാണ് വിള്ളൽ വീണത്. ഇവിടെ അപകടം സംഭവിച്ചാൽ ജനവാസകേന്ദ്രമായതിനാൽ വലിയ ദുരന്തത്തിന് വഴിയൊരുക്കും.