
ചിറക്കൽ സ്റ്റേഷനിൽ നിന്നുള്ള ട്രെയിൻ യാത്ര ഇനി ചരിത്രത്തിന്റെ ഭാഗം; സ്റ്റേഷൻ പ്രവർത്തനം നിശ്ചലമാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറക്കൽ ∙ ചിറക്കൽ സ്റ്റേഷനിൽ നിന്നുള്ള ട്രെയിൻ യാത്ര ഇനി ചരിത്രത്തിന്റെ ഭാഗം. സ്റ്റേഷനിൽ സ്റ്റോപ്പുള്ള അവസാനത്തെ ട്രെയിനിനും ഇന്നലെ രാത്രി 8.02ന് സിഗ്നൽ ലഭിച്ച്, നീങ്ങിയതോടെ ഇവിടെ ട്രെയിൻ നിർത്തുന്ന കാഴ്ചയ്ക്ക് ഇനി അധികൃതർ കനിയണം. നൂറ്റാണ്ടുകളുടെ ചരിത്ര ശേഷിപ്പുകൾ ബാക്കിയാക്കിയാണ് സ്റ്റേഷൻ പ്രവർത്തനം ഇന്ന് മുതൽ നിശ്ചലമാകുന്നത്. ഇവിടെ സ്റ്റോപ്പുള്ള പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ് നിർത്തലാക്കാനാണ് തീരുമാനം എങ്കിലും തത്വത്തിൽ സ്റ്റേഷൻ പ്രവർത്തനം നിശ്ചലമാകും.
പ്രതിഷേധം ശക്തം
തീരുമാനം പിൻവലിച്ച് യാത്രക്കാർക്കുള്ള സൗകര്യം വർധിപ്പിക്കാനും കോവിഡിനു മുൻപ് ചിറക്കലിൽ നിർത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ് പുനസ്ഥാപിക്കാനും റെയിൽവേ തയാറാകണമെന്ന് കെ.വി.സുമേഷ് എംഎൽഎ ആവശ്യപ്പെട്ടു. ചിറക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറക്കൽ റെയിൽവേ സ്റ്റേഷൻ സംരക്ഷണ സംഗമം നടത്തി. ഇന്നലെ രാവിലെ 7.45ന് സ്റ്റേഷനിൽ കണ്ണൂർ- മംഗളൂരു പാസഞ്ചർ എത്തിയപ്പോൾ യാത്രക്കാരും നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി സംരക്ഷണ സംഗമത്തിൽ അണിചേർന്നു. കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്റ്റേഷൻ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ചിറക്കൽ ചാമുണ്ഡിക്കോട്ടത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും ആയിരം ഇ-മെയിലുകൾ അയക്കുന്ന ക്യാംപെയ്ന്റെ ഉദ്ഘാടനം ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ കെ.വി.സുമേഷ് എംഎൽഎ നിർവഹിച്ചു.ബിജെപി, പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർക്കും റെയിൽവേ മന്ത്രിക്കും നിവേദനം നൽകിയതായി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ചിറക്കൽ പഞ്ചായത്ത് വെൽഫെയർ പാർട്ടി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. തീരുമാനം പിൻവലിക്കണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.രതീശൻ ആവശ്യപ്പെട്ടു.