
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (LIC) 6.5% ഓഹരികൾ കൂടി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രണ്ടുവർഷത്തിനകം ഓഹരി വിൽപന പൂർത്തിയാക്കും. നിലവിലെ ഓഹരിവില പ്രകാരമാണ് 6.5% ഓഹരികൾ വിറ്റഴിക്കുന്നതെങ്കിൽ പോലും കേന്ദ്രത്തിന് 35,200 കോടി രൂപ നേടാം.
വിവിധ ഘട്ടങ്ങളായാകും ഓഹരി വിൽപനയെന്നും ഇതുസംബന്ധിച്ച് ചെറുകിട നിക്ഷേപകരെ മുൻകൂട്ടി അറിയിക്കുമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് അസറ്റ് മാനേജ്മെന്റ് (DIPAM) സെക്രട്ടറി അരുണിഷ് ചാവ്‍ല വ്യക്തമാക്കിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ ഓഹരി വിൽപന നടപടികളുടെ മേൽനോട്ടം വഹിക്കുന്നത് ധനമന്ത്രാലയത്തിന് കീഴിലെ ദിപം ആണ്. 2022 മേയിലായിരുന്നു ഓഹരിക്ക് 904 രൂപ പ്രകാരം എൽഐസിയുടെ ലിസ്റ്റിങ് (LIC listing price). 948 രൂപയായിരുന്നു പ്രാരംഭ ഓഹരി വിൽപന (IPO) വില. 21,200 കോടി രൂപ സമാഹരിച്ച ഐപിഒ, കഴിഞ്ഞവർഷം ഹ്യുണ്ടായ് നടത്തിയ 27,870 കോടി രൂപയുടെ ഐപിഒയ്ക്ക് മുമ്പുവരെ റെക്കോർഡായിരുന്നു. നിലവിൽ 861 രൂപ നിലവാരത്തിലാണ് എൽഐസി ഓഹരികളിൽ വ്യാപാരം നടക്കുന്നത്.
എന്തുകൊണ്ട് വീണ്ടും ഓഹരി വിൽക്കുന്നു?
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ നിശ്ചിത കാലയളവിനകം പൊതു ഓഹരി പങ്കാളിത്തം (Minimum public shareholding) പരമാവധി 25 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് സെബിയുടെ (SEBI) ചട്ടം. ഘട്ടംഘട്ടമായി ഓഹരി വിറ്റഴിച്ചാൽ മതി. 2027 മേയ് 16നകം എൽഐസി പൊതു ഓഹരി പങ്കാളിത്തം 10 ശതമാനമാക്കണമെന്നാണ് സെബിയുടെ നിർദേശം.
ഐപിഒയിൽ 3.5% ഓഹരികൾ മാത്രമായിരുന്നു കേന്ദ്രം വിറ്റഴിച്ചത്. സെബിയുടെ നിർദേശം പാലിക്കാനാണ് രണ്ടുവർഷംകൊണ്ട് ബാക്കി 6.5 ശതമാനം വിറ്റഴിക്കുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂകോ ബാങ്ക് എന്നിവയുടെ ഓഹരി വിൽപന അടുത്ത വർഷത്തിനകവും പ്രതീക്ഷിക്കാം. മിനിമം പൊതു ഓഹരി പങ്കാളിത്തച്ചട്ടം പാലിക്കാൻ ഇവയ്ക്ക് അനുവദിച്ച സമയം 2026 ഓഗസ്റ്റ് വരെയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
Centre plans to sell a 6.5% stake in LIC
mo-business-insurance mo-business-lifeinsurancecorporationofindia mo-business-stockmarket mo-business-public-sector 7q27nanmp7mo3bduka3suu4a45-list dj9vp717gus55ndbniqml9kii 3sdn5dbhvlnj360kbfi72l9e03-list