
സിയാൽ ഐടി വികസന പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ (സിയാൽ) സമ്പൂർണ ഡിജിറ്റൽവൽകരണ പദ്ധതികൾക്ക് തുടക്കം. 200 കോടി രൂപ ചെലവിട്ടുള്ള സിയാൽ 2.0 എന്ന ഐടി വികസന പദ്ധതികൾ തിങ്കളാഴ്ച വൈകിട്ട് 5ന് സിയാൽ കൺവൻഷൻ സെന്ററില് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സമ്പൂർണ ഡിജിറ്റൽവൽകരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സൈബർ സുരക്ഷയിൽ ആധുനികവൽകരണവുമാണ് നടപ്പിലാക്കുന്നത്. ഡിപ്പാർച്ചർ സുരക്ഷാ പരിശോധനാ പോയിന്റുകളിൽ ഫുൾബോഡി സ്കാനറുകൾ ഏർപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിൽ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ ഓരോന്ന് വീതമാണ് ആദ്യം സ്ഥാപിക്കുക. സിഐഎസ്എഫ് ഉദ്യോഗസ്ഥർ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തുന്നതിന് പകരം, യാത്രക്കാർക്ക് സ്കാനർ കവാടത്തിലൂടെ കടന്നുപോകാനാകും. നിരോധിത വസ്തുക്കളുണ്ടെങ്കിൽ തിരികെയിറങ്ങി അവ മാറ്റിയശേഷം വീണ്ടും കടക്കാനാകും.
ഓട്ടോമാറ്റിക് ട്രേ റിട്രീവർ സിസ്റ്റമാണ് മറ്റൊന്ന്. യന്ത്രവത്കൃതമാക്കുന്നതോടെ ഹാൻഡ് ബാഗേജുകൾ അതിവേഗം സ്കാനിങ്ങിന് വിധേയമാക്കാനാകും. വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4000 ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്കും തുടക്കമാകും. സൈബർ ഡിഫൻസ് ഓപ്പറേഷൻ പ്രവർത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാനാകും.
∙ എയ്റോ ഡിജിറ്റൽ സമ്മിറ്റ് ഉച്ചയ്ക്ക് 2.30 മുതൽ
സിയാൽ 2.0 ഉദ്ഘാടനത്തിന്റെ ഭാഗമായി സിയാൽ കൺവൻഷൻ സെന്ററിൽ എയ്റോ ഡിജിറ്റൽ സമ്മിറ്റ് ഒരുകിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ എക്സ്പീരിയൻസ് സെന്ററിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രധാന പദ്ധതികളുടെ ലൈവ് ഡെമോൺസ്ട്രേഷൻ, റോബോട്ടിക്സ്, സൈബർ സുരക്ഷാ രംഗത്തെ നൂതന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം അതേ വേദിയിൽ വിമാനത്തവളങ്ങളുടെ സാങ്കേതിക ആധുനികവൽകരണത്തെക്കുറിച്ച് രണ്ട് പാനൽ ചർച്ചകൾ നടക്കും. ഈ രംഗത്തെ പ്രമുഖർ പങ്കെടുക്കും.