
ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ സന്ദർശിച്ച് ആരിഫ് മുഹമ്മദ് ഖാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടുത്തുരുത്തി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ സന്ദർശിച്ച് ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വന്ദന ദാസിന്റെ രണ്ടാം ചരമവാർഷികത്തിന്റെ തലേന്നാണ് ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. വന്ദനയുടെ മാതാപിതാക്കളായ നമ്പിച്ചിറക്കാലായിൽ മോഹൻദാസിനെയും വസന്തകുമാരിയെയും കണ്ടത്. തിരുവല്ലയിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാട്ടകം ഗെസ്റ്റ് ഹൗസിലേക്ക് ഇരുവരെയും ക്ഷണിച്ചു വരുത്തുകയായിരുന്നു.
ഡോ. വന്ദന കൊല്ലപ്പെട്ട ശേഷം നടന്ന തൃശൂർ ആരോഗ്യ സർവകലാശാലയിൽ നടന്ന എംബിബിഎസ് ബിരുദസമർപ്പണ ചടങ്ങിൽ വന്ദനയുടെ സർട്ടിഫിക്കറ്റ് മാതാപിതാക്കൾക്ക് കൈമാറിയതും ഡോ. വന്ദനയുടെ ഓർമയ്ക്കായി ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ ആരംഭിച്ച ക്ലിനിക് ഉദ്ഘാടനം ചെയ്തതും അന്ന് കേരള ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ആയിരുന്നു. നാട്ടകം ഗെസ്റ്റ് ഹൗസിൽ ഗവർണർ മുക്കാൽ മണിക്കൂറോളം ഇരുവരുമായി സംസാരിച്ചു സൗഹൃദം പങ്കിട്ടു. ഡോ. വന്ദനയുടെ ഓർമയ്ക്കായി ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ ആരംഭിച്ച ക്ലിനിക് ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഗവർണർക്ക് സമ്മാനിക്കാനായി കൊണ്ടു പോയിരുന്നു. ആശുപത്രി ഡ്യൂട്ടിക്കിടെ വിലമതിക്കാനാവാത്ത ജീവൻ നഷ്ടപ്പെട്ട ഡോ. വന്ദന ദാസിന്റെ പ്രിയപ്പെട്ട ഓർമകൾ ഞങ്ങൾ സ്നേഹത്തോടെ സ്മരിക്കുന്നു എന്ന് ചുവന്ന മഷിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചിത്രത്തിലെഴുതി ഒപ്പിട്ട് മാതാപിതാക്കളെ തിരികെ ഏൽപിച്ചു.
രണ്ട് മാസത്തിനു ശേഷം താൻ കേരളത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്നും അപ്പോൾ മുട്ടുചിറയിലെ വീടും ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിലെ ക്ലിനിക്കും സന്ദർശിക്കാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചതായി മോഹൻ ദാസ് പറഞ്ഞു. ബിഹാറിലെ രാജ്ഭവനിൽ തന്റെ അതിഥികളായി ഒരാഴ്ച താമസിക്കാൻ മോഹൻദാസിനെയും വസന്തകുമാരിയെയും ക്ഷണിച്ചാണ് ഗവർണർ മടങ്ങിയത്. ഗവർണർ കുറിച്ച് ഒപ്പിട്ടു നൽകിയ ചിത്രം ഡോ. വന്ദനയുടെ മുറിയിൽ നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ് മാതാപിതാക്കൾ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡോ. വന്ദനയുടെ മാതാപിതാക്കളെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.