രാജിവച്ച സെന്തിലിന്റെ ജാമ്യം തുടരും; വീണ്ടും മന്ത്രിയായാൽ ഇടപെടും
ന്യൂഡൽഹി ∙ ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം, മന്ത്രിസ്ഥാനം രാജിവച്ചതു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളി. സർക്കാർ ജോലിക്കു കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നു കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ മന്ത്രി പദവി ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് ഇ.ഡിയും കേസിലെ ഒരു സാക്ഷിയുമാണ് കോടതിയെ സമീപിച്ചത്.
Also Read
ഹർജി തീർപ്പാകുന്നതുവരെ സെന്തിൽ വീണ്ടും മന്ത്രിയാകുന്നത് തടയണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് സമാന ഉപാധി വച്ചതും ചൂണ്ടിക്കാട്ടി.
നിലവിൽ വാദം കേൾക്കുന്ന ജസ്റ്റിസ് അഭയ് എസ്. ഓക് വിരമിക്കുന്ന മേയ് 24നു പിറ്റേന്നു തന്നെ കോടതിയെ നോക്കുകുത്തിയാക്കി ബാലാജി വീണ്ടും മന്ത്രിയാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
അത്തരം സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ഓക് പറഞ്ഞു. വിചാരണ വേഗത്തിലാക്കണമെന്ന ഇ.ഡി ആവശ്യവും കോടതി അനുവദിച്ചില്ല.
Also Read
രാജിവച്ച കെ.പൊൻമുടിയുടെയും വി.സെന്തിൽബാലാജിയുടെയും ഔദ്യോഗിക വസതികളിൽ നിന്നു പേരു പതിപ്പിച്ച ബോർഡുകൾ നീക്കം ചെയ്തു. നിയമസഭയിൽ ഇനി ഇരുവരും മുൻമന്ത്രിമാരുടെ ഇരിപ്പിടമായ മൂന്നാം നിരയിലായിരിക്കും ഇരിക്കുക.
സുപ്രീംകോടതിയുടെ വിമർശനത്തെ തുടർന്നാണു സെന്തിൽ രാജിവച്ചത്. അശ്ലീല പരാമർശത്തിന്റെ പേരിൽ മദ്രാസ് ഹൈക്കോടതി കേസെടുത്തതോടെയാണു പൊൻമുടിയെ നീക്കിയത്.
6 മാസത്തിൽ വിചാരണ പൂർത്തിയാക്കണം
ചെന്നൈ ∙ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ.പെരിയസാമിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി, പുനർവിചാരണ നടത്താൻ ഉത്തരവിട്ടു.
2018ൽ വിജിലൻസ് സമർപ്പിച്ച 4 അപ്പീലുകളിലാണു ജസ്റ്റിസ് പി.വേൽമുരുകന്റെ വിധി. 6 മാസത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാനും ഡിണ്ടിഗലിനെ പ്രത്യേക കോടതിയോടു ഹൈക്കോടതി നിർദേശിച്ചു.
മന്ത്രിയെക്കൂടാതെ ഭാര്യ പി.സുശീല, മക്കളായ പി.പ്രഭു, പി.സെന്തിൽകുമാർ എന്നിവരാണു മറ്റു പ്രതികൾ.
Also Read
പെരിയസാമി റവന്യു, ജയിൽ മന്ത്രിയായിരുന്ന 2006 നും 2010 നും ഇടയിൽ മന്ത്രിയും കുടുംബാംഗങ്ങളും 2.01 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
എന്നാൽ, ഡിണ്ടിഗലിലെ കോടതി എല്ലാവരെയും വിട്ടയച്ചു. ഇതിനെതിരെയാണു വിജിലൻസ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡിഎംകെ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയായ ദുരൈമുരുകൻ അടക്കം 3 മന്ത്രിമാരുടെ അനധികൃത സ്വത്ത് സമ്പാദന കേസുകളിലാണ് ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

