
ക്രിക്കറ്റോ ഫുട്ബോളോ ബാഡ്മിന്റണോ…
ഗെയിം ഏതുമാകട്ടെ. ഗ്രൗണ്ട് റെഡി, ടീം റെഡി.
കളിക്കാൻ നിങ്ങൾ റെഡിയാണോ?
ഗ്രാമ-നഗര വ്യത്യാസമില്ലാതെ നാടാകെ ടർഫുകൾ ഉയർന്നിട്ടും ഏറെക്കാലം മുമ്പുവരെ കായികപ്രേമികളെ അലട്ടിയിരുന്ന നിരാശയാണ്, കളിക്കാൻ ടൈം ഉള്ളപ്പോൾ ഗ്രൗണ്ട് കിട്ടാത്ത സ്ഥിതി. ഇനി ഗ്രൗണ്ട് കിട്ടിയാലോ… ടീം തികയാത്ത സ്ഥിതി. സ്പോർട്സിനോട് കമ്പമുള്ളവർക്ക് കളിക്കാൻ ഗ്രൗണ്ടും സഹകളിക്കാരെയും ഉറപ്പുനൽകി ഒരുകൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ‘പ്ലേ സ്പോട്സ്’ രംഗപ്രവേശം ചെയ്തതോടെ നിരാശ ക്ലീൻ ബൗൾഡ്.
ഷംനാസ് തട്ടൂർ (സിഇഒ), ഒ.എൻ. അംജദ് അലി (സിഒഒ), നിഷാദ് കെ. സലിം (സിഎഫ്ഒ) എന്നിവർ കോഴിക്കോട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യാമ്പസിൽ സ്ഥാപിച്ച ഗ്രൗണ്ട് ലിസ്റ്റിങ് പ്ലാറ്റ്ഫോമായ പ്ലേ സ്പോട്സ് (Play Spots) ആണ് കായികപ്രേമികൾക്ക് ആവേശമാകുന്നത്.
സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ പ്രശംസയും ലക്ഷങ്ങളുടെ മൂലധനവും സ്വന്തമാക്കിയിരിക്കുകയാണ് പ്ലേ സ്പോട്സ്. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-2 ഇവിടെ കാണാം.
മനോരമ ഓൺലൈൻ എലവേറ്റിന്റെ നിക്ഷേപക പാനൽ അംഗങ്ങളായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവർ
2018ൽ കോഴിക്കോടിന്റെ മണ്ണിൽ തുടക്കമിട്ട പ്ലേ സ്പോട്സ് ഇപ്പോൾ കേരളവും കടന്ന് ഇന്ത്യയിൽ 20ലേറെ സംസ്ഥാനങ്ങളിൽ നിറസാന്നിധ്യമായി കഴിഞ്ഞു. ഗ്രൗണ്ട് മാനേജ്മെന്റ്, ടർഫുകളുടെ ഓൺലൈൻ ബുക്കിങ് സേവനങ്ങൾ ലഭ്യമാക്കുന്ന സംരംഭമാണ് പ്ലേ സ്പോട്സ്. കായികപ്രേമികൾക്ക് ഇഷ്ടപ്പെട്ട ഗെയിം കളിക്കാനായി അനുയോജ്യമായ സമയവും ടർഫും പ്ലേ സ്പോട്സ് ആപ്പുവഴി ബുക്ക് ചെയ്യാം. ഇനിയിപ്പോൾ ഒപ്പം കളിക്കാൻ ആരുമില്ലെങ്കിലും ടെൻഷൻ വേണ്ട, പ്ലേ സ്പോട്സിലൂടെ തന്നെ സഹകളിക്കാരെ നേടാം.
ക്രിക്കറ്റ്, ബാഡ്മിന്റൻ, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ടെന്നിസ്, ഹോക്കി, പിക്കിൾ ബോൾ, കാരംസ് തുടങ്ങി 30ഓളം ഗെയിമുകൾ തിരഞ്ഞെടുക്കാം. ടർഫുകൾക്കുള്ള ബുക്കിങ്, പ്ലാറ്റ്ഫോം മാനേജ്മെന്റ് സൊല്യൂഷനും പ്ലേ സ്പോട്സ് നൽകുന്നുണ്ട്. ഇതിനൊപ്പം അക്കാദമി മാന്ജ്മെന്റ് സൊല്യൂഷനുമുണ്ട്. ഷംനാസും സുഹൃത്തുക്കളും തികഞ്ഞ ഫുട്ബോൾ ഫാൻസാണ്. വർഷങ്ങൾക്കു മുമ്പ് കോഴിക്കോട്ട്, ഫുട്ബോൾ കളിക്കാൻ ഗ്രൗണ്ട് കിട്ടാതെ വരികയും പിന്നീട് ഗ്രൗണ്ട് ലഭിച്ചപ്പോൾ ടീം തികയ്ക്കാൻ ആളെ കിട്ടാത്ത സ്ഥിതിയുമുണ്ടായപ്പോൾ മനസ്സിലുദിച്ച ആശയമാണ് പ്ലേ സ്പോട്സ്. അങ്ങനെയാണ് ഗ്രൗണ്ട് ലിസ്റ്റിങ് ആപ്പിന് തുടക്കമിട്ടതെന്ന് ഷംനാസ് പറയുന്നു.
ഐടി പശ്ചാത്തലമുള്ളതിനാൽ ഗ്രൗണ്ട് ലിസ്റ്റിങ് ആപ്പ് സജ്ജമാക്കാൻ പ്രയാസമുണ്ടായില്ല. കോഴിക്കോട്ടെ ടർഫുകൾ ലിസ്റ്റ് ചെയ്തായിരുന്നു തുടക്കം. ആദ്യ ദിവസങ്ങളിൽ തന്നെ ഗംഭീര പ്രതികരണം കായികപ്രേമികളിൽ നിന്നു ലഭിച്ചു. അതോടെ തൊട്ടടുത്ത ജില്ലകളായ മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കടന്നു. തിരുവനന്തപുരമായിരുന്നു സാന്നിധ്യമറിയിച്ച നാലാമത്തെ ജില്ല. ഇപ്പോൾ കേരളമെമ്പാടും പ്ലേ സ്പോട്സ് ടർഫുകൾ കൈകാര്യം ചെയ്യുന്നു.
ഇന്ത്യയിലെമ്പാടുമായി 1,200 ഗ്രൗണ്ടുകൾ ഇതിനകം പ്ലേ സ്പോട്സിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 600-700 എണ്ണവും കേരളത്തിലാണ്. ദുബായിയും പ്ലേ സ്പോട്സിന്റെ പ്ലാറ്റ്ഫോം മാനേജ്മെന്റ് സൊല്യൂഷൻ നിരവധി ഗ്രൗണ്ടുകൾ ഉപയോഗിക്കുന്നു.
പ്ലേ സ്പോട്സ് ആപ്പ് ഇതിനകം 7 ലക്ഷത്തിലേറെ പേർ ഡൗൺലോഡ് ചെയ്തുപയോഗിക്കുന്നു. കേരളം കഴിഞ്ഞാൽ തമിഴ്നാട്, മഹാരാഷ്ട്ര, വടക്കുകഴിക്കൻ സംസ്ഥാനങ്ങൾ (മണിപ്പുർ, അസം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്), മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പ്ലേ സ്പോട്സ് കൂടുതൽ ടർഫുകൾ കൈകാര്യം ചെയ്യുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഷംനാസ് പറയുന്നു.
Representative image – ചിത്രം : റിജോ ജോസഫ് ∙ മനോരമ
കേവലം ഗ്രൗണ്ട് ലഭ്യമാക്കുകയോ സഹകളിക്കാരെ നൽകുകയോ മാത്രമല്ല പ്ലേ സ്പോട്സ് ചെയ്യുന്നത്. ഓരോ താരത്തിന്റെയും മുൻകാല പെർഫോമൻസുകൾ വിലയിരുത്തി പ്രൊഫൈൽ രൂപീകരിക്കുകയും ചെയ്യുന്നുണ്ട്. എഐ അധിഷ്ഠിത സൗകര്യം ഉപയോഗിച്ചാണ് ഇതു സജ്ജമാക്കുന്നത്. അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുക്കാനും ഓരോരുത്തർക്കും മികച്ച പ്രൊഫൈൽ സൃഷ്ടിക്കാനും പ്ലേ സ്പോട്സ് വഴി കഴിയും.
നിലവിൽ ഇന്ത്യയിൽ 180 നഗരങ്ങളിൽ പ്ലേ സ്പോട്സിന്റെ സാന്നിധ്യമുണ്ട്. ഇതു അടുത്ത സാമ്പത്തിക വർഷം (2025-26) 300 നഗരങ്ങളായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഷംനാസ് വ്യക്തമാക്കി. 2,500 ഗ്രൗണ്ടുകളിലേക്ക് സാന്നിധ്യം ഉയർത്തും. വരുമാനം ഇരട്ടിയാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business