തിരുവനന്തപുരം: മുൻ മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരത്ത് വിഎസിന്റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. തന്റെ കോളേജ് പഠനകാലം മുതൽ വിഎസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവർണർ സന്ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഗവർണറായി എത്തിയപ്പോൾ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഭാഗ്യവശാൽ അദ്ദേഹത്തെയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. അനാരോഗ്യം കാരണം വിഎസിന് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹവുമായി ആശയ വിനിമയം നടത്താനായി. അദ്ദേഹം ആരോഗ്യവാനായിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു’, ആർലേക്കർ പറഞ്ഞു.
യുജിസി ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിനും ഗവർണർ നിലപാട് വ്യക്തമാക്കി. കരട് നയമാണ് ഇപ്പോൾ പുറത്തുവന്നതെന്ന് പറഞ്ഞ അദ്ദേഹം, ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ചർച്ചകൾക്കുള്ള ഇടമുണ്ടെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം മുഖപത്രത്തിലെ ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ആർലേക്കറെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യം വയ്ക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തിയതെന്നും കേന്ദ്ര സർക്കാരിനെതിരെ വിമർശനമുണ്ടെങ്കിലും അതിന്റെ പേരിൽ ഭരണഘടനാ ചുമതല നിർവഹിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഗവർണർ തയ്യാറായില്ലെന്നത് സ്വാഗതാർഹമാണെന്നുമായിരുന്നു ഗോവിന്ദന്റെ പരാമർശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും വ്യത്യസ്തമായി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാൻ പുതിയ ഗവർണർ തയ്യാറായെന്നും തുടർന്നുള്ള ദിവസങ്ങളിലും ഗവർണറുടെ ഭാഗത്ത് നിന്നും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോവിന്ദൻ ലേഖനത്തിൽ പറയുന്നുണ്ട്.