മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പത്തൊമ്പതുകാരനും മാതാപിതാക്കളും കൊക്കയിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ ഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കങ്ങൾ മാത്രമല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഛത്രപതി സംഭാജിനഗർ സ്വദേശിയായ കുനാൽ ചാന്ദ്ഗുഡെ, പിതാവ് മുരളീധർ, മാതാവ് സംഗീത എന്നിവരാണ് ദാരുണമായി മരണമടഞ്ഞത്. കുനാലിന്റെ മൂത്ത സഹോദരൻ നേരത്തെ മരണപ്പെട്ടിരുന്നു.
ഇതിനുശേഷമുണ്ടായ കുടുംബപ്രശ്നങ്ങളും ദമ്പതികൾ തമ്മിലുണ്ടായിരുന്ന ബന്ധത്തിലെ ഉലച്ചിലും കുനാലിനെ മാനസികമായി കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ആദ്യമായല്ല കുനാൽ ജീവനൊടുക്കാൻ ശ്രമിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
കഴിഞ്ഞ വർഷവും ഇതേ കൊക്കയിൽനിന്ന് ചാടി യുവാവ് ആത്മഹത്യയ്ക്ക് മുതിർന്നിരുന്നു. അന്ന് പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കുനാലിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
ആറു വർഷം മുൻപ് അസുഖ ബാധിതനായി കുനാലിന്റെ സഹോദരൻ മരണപ്പെട്ടതോടെയാണ് കുടുംബത്തിൽ അസ്വസ്ഥതകൾ ഉടലെടുത്തത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന മുരളീധർ മാസങ്ങളോളം വീട്ടിൽ എത്താറില്ലായിരുന്നു.
ഒടുവിൽ മരണത്തിന് രണ്ടു ദിവസം മുൻപാണ് അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയത്. ഇതിനു പിന്നാലെയാണ് കുനാൽ വാങ്ങിയ ഐഫോണിന്റെ പ്രതിമാസ തവണ അടയ്ക്കുന്നത് സംബന്ധിച്ച് വീട്ടിൽ തർക്കങ്ങൾ ആരംഭിച്ചത്.
തുടർന്ന് വീട്ടിൽ നിന്നു പിണങ്ങിയിറങ്ങിയ കുനാൽ കുന്നിൻമുകളിൽ എത്തുകയും അവിടെ നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുരളീധറും ഭാര്യയും ചേർന്ന് മൂന്നുമണിക്കൂറോളം കുനാലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ പിന്മാറാൻ തയ്യാറായില്ല.
നാട്ടുകാരും പൊലീസും അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഒടുവിൽ കുന്നിനുമുകളിൽനിന്ന് കുനാലിനെ ബലംപ്രയോഗിച്ച് മാറ്റാൻ പിതാവ് ശ്രമിക്കുന്നതിനിടയിൽ ഇരുവരുടെയും കാൽതെറ്റി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
ഇതുണ്ട് പേടിച്ചരണ്ട മാതാവ് പിന്നാലെ കൊക്കയിലേക്ക് ചാടുകയായിരുന്നു.
മൂവരും സംഭവസ്ഥലത്തുതന്നെ ജീവനൊടുക്കി. കുടുംബത്തിനുള്ളിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്ന് സംഗീതയുടെ സാമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും വ്യക്തമാക്കുന്നുണ്ട്.
ഇരുപത്തൊമ്പതിനായിരത്തോളം സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനൽ സംഗീത നടത്തിയിരുന്നു. ഇതിൽ ഒടുവിലായി പങ്കുവെച്ച വീഡിയോയിൽ ആരെയോ ശപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ട്.
‘സ്വത്തിൽ എനിക്കും മകനുമുള്ള അവകാശം നിങ്ങൾ ഇല്ലാതെയാക്കി. സഹോദരങ്ങളോടും മാതാപിതാക്കളോടും കൂടിച്ചേരാൻ നിങ്ങൾ ഒരിക്കലും അനുവദിച്ചില്ല.
നിങ്ങൾ എന്റെ സന്തോഷമുള്ള കുടുംബത്തെ തകർത്തു. നിങ്ങൾ എന്റെ കുടുംബത്തിനുള്ളിൽ വിഷം കലർത്തി.
എന്റെ മകനെ അവന്റെ മാതാപിതാക്കളിൽനിന്ന് അകറ്റി. ഈ പാപം, നിങ്ങളുടെ അടുത്ത ഏഴുതലമുറയോളം അനുഭവിക്കും.
ഇതെന്റെ ശാപമാണ്’–എന്നിങ്ങനെയാണ് വീഡിയോയിൽ സംഗീത പറഞ്ഞിട്ടുള്ളത്. ഈ പരാമർശങ്ങൾ ആരെക്കുറിച്ചാണെന്നുള്ള കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

