
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന വ്യാജേന നാല് മാസത്തോളം ഡൽഹിയിലെ ലീല പാലസിൽ താമസിച്ച് ബില്ല് തുകയായ 23 ലക്ഷം രൂപ നൽകാതെ മുങ്ങിയയാൾ പിടിയിൽ. കർണാടകയിലെ ദക്ഷിണ കന്നട ജില്ലാ സ്വദേശിയായ മഹമ്മദ് ഷരീഫ് (41) ആണ് അറസ്റ്റിലായത്. ജനുവരി 19ന് ദക്ഷിണ കന്നടയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഷരീഫ് ലീല പാലസിലെ 427ാം നമ്പർ മുറിയിൽ ചെക്ക് ഇൻ ചെയ്തത്. നവംബർ ഇരുപതിന് ഇയാൾ ഹോട്ടലിൽ നിന്ന് മുങ്ങുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന വെള്ളിപ്പാത്രങ്ങളടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങളുമായാണ് പ്രതി കടന്നുകളഞ്ഞതെന്ന് ഹോട്ടൽ അധികൃതർ പരാതിയിൽ പറഞ്ഞിരുന്നു.
അബുദാബി രാജകുടുംബത്തിലെ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാനുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെത്തിയതെന്നുമായിരുന്നു ഇയാൾ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. തന്റെ കഥ വിശ്വസിപ്പിക്കാനായി ബിസിനസ് കാർഡും യുഎഇ റസിഡന്റ് കാർഡും മറ്റ് രേഖകളും ഇയാൾ കാണിച്ചിരുന്നു. ഈ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
മുറിയുടെ വാടകയടക്കം നാല് മാസത്തെ താമസത്തിനായി 35 ലക്ഷം രൂപയായിരുന്നു ബില്ല്. ഇതിൽ 11.5 ലക്ഷം രൂപ പ്രതി നൽകിയിരുന്നു. ഇയാൾ 20 ലക്ഷത്തിന്റെ ചെക്ക് ഹോട്ടലിൽ നൽകിയതും ആവശ്യത്തിന് പണമില്ലാത്തതിനാൽ മടങ്ങിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.
The post ലീലാ പാലസിൽ അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന വ്യാജേനയെത്തി; നാല് മാസത്തോളം താമസിച്ച് ബിൽതുകയായ 23 ലക്ഷം രൂപ നൽകാതെ മുങ്ങി; ഒടുവിൽ കർണാടക സ്വദേശിയായ മഹമ്മദ് ഷറീഫ് പൊലീസ് പിടിയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]