
സ്വന്തം ലേഖകൻ
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. സംഭവത്തില്‍ എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘം കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ടില്ല. ഷാറൂഖിനെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റും.
റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കും.
ഈ മാസം രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ തീവയ്പുണ്ടായത്. അക്രമി പെട്രോള്‍ യാത്രക്കാര്‍ക്കു നേരെ ഒഴിച്ചു തീവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ യാത്രക്കാരില്‍ മൂന്നു പേരെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. സംഭവം നടന്നു മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്ന്, ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിയെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഷാറൂഖ് തന്നെയാണ് ട്രെയിന്‍ തീവയ്പ് നടത്തിയത് എന്നതില്‍ വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി എഡിജിപി പറഞ്ഞു.
ഷാറൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടതായി എഡിജിപി പറഞ്ഞു. സകീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാറൂഖ് നിരന്തരം കണ്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കുറ്റകൃത്യം ചെയ്യണമെന്നു കരുതി, ആസൂത്രണത്തോടെയാണ് സെയ്ഫി കേരളത്തില്‍ വന്നതെന്നും എഡിജിപി പറഞ്ഞു.
The post എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു..! അന്വേഷണ ചുമതല കൊച്ചി യൂണിറ്റിന്; കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഷാറൂഖിനെ വിയ്യൂര്‍ ജയിലിലേക്കു മാറ്റും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]