
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഗ്രാമീണമേഖലയില്‍ നടപ്പിലാക്കിയ ജലനിധി പദ്ധതിയിൽ വന്തട്ടിപ്പുകള്. പദ്ധതി നടപ്പാക്കിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന് ഡെല്‍റ്റ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍ .ഗുണഭോക്താക്കളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ലെവല്‍ ആക്ടിവിറ്റി കമ്മിറ്റി(ജി.പി.എല്‍.എ.സി)കളാണു പദ്ധതി നടപ്പാക്കുന്നത്. ഇവര്‍ നല്കുന്ന കരാറുകള്‍ സുതാര്യമല്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എന്‍ജിനീയര്‍മാരും കരാറുകാരും ഗുണഭോക്തൃസമിതിയും കൈക്കൂലി വാങ്ങി ഒത്തുകളിച്ചതായി വിജിലന്‍സ് കണ്ടെത്തി. പലയിടത്തും ബിനാമികള്‍ക്കാണു കരാര്‍ ലഭിച്ചത്. പൈപ്പുകള്‍ ഇടാതെയും പണി പൂര്‍ത്തിയാക്കാതെയും പണം എഴുതിയെടുത്തു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വന്‍തട്ടിപ്പ് നടന്നു. കുറ്റക്കാര്‍ക്കെതിരേ വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിക്കു നടപടി ശിപാര്‍ശ കൈമാറും.
തൃശൂര്‍, നടത്തറ ഗ്രാമപഞ്ചായത്തിലെ ജലനിധി ടെന്‍ഡര്‍/ക്വട്ടേഷന്‍ ഇല്ലാതെയാണു കരാറുകാരെ ഏല്‍പ്പിച്ചത്. കോട്ടയം, കടപ്ലാമറ്റം പഞ്ചായത്തില്‍ 2013-ല്‍ 30,66,400 രൂപ മുടക്കി നിര്‍മിച്ച നിള ജലനിധി പദ്ധതിക്കും ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നില്ലെന്നു വിജിലന്‍സ് കണ്ടെത്തി. പദ്ധതിയില്‍ പലതും സാങ്കേതികാനുമതി ഇല്ലാതെയാണു നിര്‍മിച്ചത്.
കോഴിക്കോട് താമരശേരി പഞ്ചായത്തിലെ കൊടുവള്ളി, വയനാട്ടിലെ കൂതാടി, കോഴിക്കോട് താമരശേരി പഞ്ചായത്തിലെ മറ്റ് ഏഴുപദ്ധതികള്‍ എന്നിവയ്ക്കും സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല.ഇടുക്കി, വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ 2014-ല്‍ 42 ലക്ഷം അടങ്കല്‍ തുകയ്ക്കു ഭരണാനുമതി വാങ്ങി ആരംഭിച്ച ജോലി 2015-ല്‍ പൂര്‍ത്തിയാകുമ്പോള്‍ 85 ലക്ഷം രൂപ ചെലവഴിച്ചതായും ഇന്നലത്തെ മിന്നല്‍പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തി.
7.5 കോടി ചെലവിട്ട കാസര്‍കോഡ്, ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പദ്ധതി, അഞ്ചുകോടി മുടക്കിയ മലപ്പുറം, ചോക്കാട് പഞ്ചായത്തിലെ പദ്ധതി, വയനാട്, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 2.45 കോടിയുടെ പദ്ധതി, കണ്ണൂര്‍, കുന്നോത്തെ 66 ലക്ഷം രൂപ ചെലവഴിച്ച മഞ്ഞക്കാഞ്ഞിരം പദ്ധതി, കോട്ടയം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ 41.30 ലക്ഷം ചെലവായ പാമ്പൂരാന്‍പാറ പദ്ധതി, 20 ലക്ഷം ചെലവായ വയനാട് പുല്‍പ്പള്ളിയിലെ പദ്ധതി തുടങ്ങിയവ നിശ്ചലാവസ്ഥയിലാണ്.
കോഴിക്കോട്, കാട്ടിപ്പാറ പഞ്ചായത്തിലെ കണികയില്‍ പൂര്‍ത്തിയായ പദ്ധതി രണ്ടുമാസം മാത്രമാണു പ്രവര്‍ത്തിച്ചത്. പത്തനംതിട്ട, കണ്ണന്താനം പഞ്ചായത്തിലെ 15 ജലനിധി പദ്ധതികളില്‍ സൗപര്‍ണിക, ദയ, നിള തുടങ്ങി ആറെണ്ണം പ്രവര്‍ത്തനരഹിതമാണ്. കാസര്‍ഗോഡ്, പെരിയ പഞ്ചായത്തിലെ രണ്ട് പദ്ധതിയും കോട്ടയം, കടപ്ലാമറ്റത്തെ ഒരുപദ്ധതിയും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നു വിജിലന്‍സ് കണ്ടെത്തി.
ജലലഭ്യത ഉറപ്പുവരുത്താതെയാണു പല പദ്ധതിയും നടപ്പാക്കിയത്.
കണ്ണൂര്‍, കണ്ണോത്തുപറമ്പ് പഞ്ചായത്ത്, വയനാട് പുല്‍പ്പള്ളിയിലെ താഴശ്ശേരി, തൃശൂര്‍ എലവള്ളി പഞ്ചായത്ത്, കാസര്‍ഗോഡ് പുല്ലൂര്‍ പഞ്ചായത്ത്, ഇടുക്കിയിലെ ചാക്കുപള്ളി പഞ്ചായത്ത് എന്നിവിടങ്ങളിലെ പദ്ധതികള്‍ ഇപ്രകാരം പ്രയോജനരഹിതമാണ്.
പത്തനംതിട്ട, റാന്നി പഞ്ചായത്തിലെ പള്ളിക്കവല പദ്ധതിയില്‍ നദിയില്‍നിന്നു ശേഖരിക്കുന്ന ജലം ശുദ്ധീകരിക്കുന്നില്ല. 65 കുടുംബങ്ങളാണു ഗുണഭോക്താക്കള്‍. മറ്റ് പഞ്ചായത്തുകളിലും പരിശോധന വ്യാപിപ്പിക്കുമെന്നു വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം അറിയിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]