കൊച്ചി
വ്യാപാരിയെ മർദിച്ച് രണ്ടുലക്ഷം രൂപ തട്ടിയ കേസിൽ കൊച്ചി കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. വാത്തുരുത്തി ഡിവിഷൻ കൗൺസിലർ ടിബിൻ ദേവസി, കാസർകോട് സ്വദേശി ഫയാസ്, കാക്കനാട് സ്വദേശി ഷമീർ എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയിൽ വ്യാപാരിയായ കാസർകോട് സ്വദേശി കൃഷ്ണമണിയുടെ പരാതിയിലാണ് നടപടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരാതിക്കാരനും അറസ്റ്റിലായ ഫയാസും ഖത്തറിൽ ഒരുമിച്ച് ബിസിനസ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ കൃഷ്ണമണി ഫയാസിന് നൽകാനുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അറസ്റ്റിലായ ടിബിൻ ദേവസി മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.
കൗൺസിലറുടെ നേതൃത്വത്തിൽ
തടഞ്ഞുവച്ച് ക്രൂരമർദനം
ഇടപ്പള്ളിയിലെ കൃഷ്ണമണിയുടെ ഓഫീസിൽ കോൺഗ്രസ് കൗൺസിലർ ടിബിൻ ദേവസിയും ഫയാസും ഷമീറും വ്യാഴാഴ്ച എത്തിയിരുന്നു. കൃഷ്ണമണി ഫയാസിന് നൽകാനുണ്ടെന്ന് അവകാശപ്പെടുന്ന പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ടാണ് എത്തിയത്. നാലു മണിക്കൂറോളം കൃഷ്ണമണിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായാണ് പരാതി.
ഇതിനിടെ കൃഷ്ണമണിയുടെ രണ്ടുലക്ഷം രൂപ ഫയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന്, കൃഷ്ണമണിയുടെ ഭാര്യയുടെ അച്ഛൻ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയി. അവിടെവച്ച് ഭാര്യയുടെ അച്ഛനെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ നൽകാനുണ്ടെന്ന് കരാറുണ്ടാക്കി. അക്രമിസംഘത്തിൽ 10 പേരുണ്ടെന്നാണ് കൃഷ്ണമണി നൽകിയ പരാതിയിൽ പറയുന്നത്. മറ്റു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഹൈബിയുടെ വിശ്വസ്തൻ;
ക്രിമിനൽ സംഘത്തിലെ പ്രധാനി
വ്യാപാരിയെ മർദിച്ച് പണം കവർന്ന കേസിൽ അറസ്റ്റിലായ വാത്തുരുത്തി സ്വദേശിയും കോൺഗ്രസ് കൗൺസിലറുമായ ടിബിൻ ദേവസി ജില്ലയിലെ യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘത്തിലെ പ്രധാനി. യൂത്ത് കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായ ടിബിൻ നിരവധി കേസുകളിൽ പ്രതിയാണ്. മഹാരാജാസ് കോളേജിലെയും എറണാകുളം ഗവ. ലോ കോളേജിലെയും പഠനകാലത്ത് എസ്എഫ്ഐക്കാരെ മർദിച്ചതടക്കം ഒട്ടനവധി കേസുകളിൽ പ്രതിയാണ്. 2012–-13ലെ എംജി സർവകലാശാല കലോത്സവം എറണാകുളത്ത് നടക്കുന്നതിനിടെ മാരകായുധങ്ങളുമായി കലോത്സവത്തിന് എത്തിയതിന് പൊലീസ് പിടിയിലായിട്ടുണ്ട്.
കോൺഗ്രസ് നേതൃത്വത്തിന്റെയും ഹൈബി ഈഡന്റെയും വിശ്വസ്തനായതിനാൽ പല കേസുകളിൽനിന്നും രക്ഷപ്പെട്ടു. കോൺഗ്രസ് നേതാക്കൾ ഏൽപ്പിക്കുന്ന ഗുണ്ടാപ്രവർത്തനങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നതിന്റെ പ്രതിഫലമായാണ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ സീറ്റ് ലഭിച്ചത്. കോൺഗ്രസ് കുത്തകയായ വാത്തുരുത്തി ഡിവിഷനിൽനിന്ന് വിജയിച്ചു. കൗൺസിൽ യോഗങ്ങളിൽ ഡിവിഷനിലെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനുപകരം രാഷ്ട്രീയ വിഷയങ്ങളിൽ തർക്കത്തിൽ ഏർപ്പെടുക പതിവാണ്.
പലപ്പോഴും മേയറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്ന നിലയുണ്ടായി. ഒടുവിലായി എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്ഐയുടെ കൊടിമരവും പ്രചാരണസാമഗ്രികളും തകർത്ത കേസിൽ ഏറെനാൾ ജയിലിലായിരുന്നു. പുറത്തിറങ്ങി മാസങ്ങൾ കഴിയുംമുമ്പാണ് വീണ്ടും ക്രിമിനൽ കേസിൽ പ്രതിയാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]