
സ്വന്തം ലേഖകൻ
പത്തനംതിട്ട: മിണ്ടാതിരുന്നാൽ മന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ നിയമസഭയിലും പുറത്തും മിണ്ടാതിരുന്ന് കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവർത്തകരെന്ന് പത്താനപുരം എംഎൽഎ കെ ബി ഗണേഷ്കുമാർ. അത്തരം പ്രതികരണങ്ങൾ സർക്കാരിനെതിരെയുളളതല്ല.
ബൈക്കിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ സംസാരിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലർ ചോദിച്ചിരുന്നു. സത്യം പറയുമ്പോൾ എന്തിന് ദേഷ്യപ്പെടണമെന്നായിരുന്നു ഇതിനോടുളള ഗണേഷ് കുമാറിന്റെ മറുപടി. പത്തനാപുരത്ത് പാർട്ടി പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. തന്നെ നിയമസഭയിലേക്ക് പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം നിയമസഭയിൽ പറഞ്ഞാൽ മാത്രമേ ലോകം അറിയൂ. ഭരണകർത്താക്കൾ അറിയൂ. നിയമസഭയിലാകുമ്പോൾ ആ കുഴപ്പമില്ലല്ലോ. അവിടെ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും കേൾക്കും.
അവരെല്ലാവരും ഈ വിഷയത്തിൽ താത്പര്യം കാണിക്കും. ജനങ്ങളുടെ കാര്യങ്ങൾ അവിടെയാണ് പറയേണ്ടത്. അതുകൊണ്ടാണ് അവിടെ പറയുന്നത്. അവിടെ ചെന്ന് മിണ്ടാതിരുന്നാൽ ചിലപ്പോൾ പിടിച്ച് മന്ത്രിയാക്കും. അങ്ങനെ ഒരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ല. മിണ്ടാതിരുന്നിട്ട് കിട്ടുന്ന ഒരു സ്ഥാനമാനവും എനിക്ക് വേണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ബൈക്കിൽ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന ആശങ്കയിൽ പരിഹാരം കാണുമെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മുഖ്യമന്ത്രി കേട്ടതെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.ജനങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നത് കേരള കോൺഗ്രസിന്റെ മുഖമുദ്രയായിരിക്കണം.
കണ്ടിടത്ത് ചെന്ന് വഴക്ക് ഉണ്ടാക്കുന്നതിന് പകരം അനീതിക്കെതിരേയും അന്യായത്തിനെതിരേയും പ്രതികരിക്കുന്നവരാകണം കേരള കോൺഗ്രസ് പ്രവർത്തകരെന്നും ഗണേഷ് കുമാർ പറഞ്ഞു. കേരള കോൺഗ്രസ് പ്രവർത്തകർ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കണം. അങ്ങനെ പ്രവർത്തിക്കാതെ വരുമ്പോഴാണ് ചില നേതാക്കന്മാരോട് തനിക്ക് കയർത്തു സംസാരിക്കേണ്ടി വരുന്നതെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. നിങ്ങൾക്ക് വിഷമം തോന്നാൻ വഴിയുണ്ട്. ഞാൻ ഒരു വാക്കു പറഞ്ഞാൽ പറഞ്ഞതാണ്. അത് മാറ്റിപ്പറയില്ല ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]