വീടുകളുടെ പരിപാലന ജോലികൾ പലപ്പോഴും നാം മറന്നുപോകാറുള്ള ഒന്നാണ്. ഏതെങ്കിലും ഉപകരണം കേടാകുമ്പോഴോ അല്ലെങ്കിൽ ഫിൽട്ടർ മാറ്റേണ്ടി വരുമ്പോഴോ മാത്രമായിരിക്കും ഇത്തരം കാര്യങ്ങൾ പലരുടെയും ശ്രദ്ധയിൽപ്പെടുന്നത്.
എന്നാൽ ഓർമ്മശക്തിയെ മാത്രം ആശ്രയിക്കുന്നതിന് പകരം ഗൂഗിൾ കലണ്ടർ (Google Calendar) ഉപയോഗിച്ച് വീട്ടുപകരണങ്ങളുടെ പരിപാലനത്തിനായി ഒരു കൃത്യമായ ഷെഡ്യൂൾ തയ്യാറാക്കാവുന്നതാണ്. ആവർത്തിച്ചുള്ള ജോലികൾ ട്രാക്ക് ചെയ്യാനും, സീസണൽ അറ്റകുറ്റപ്പണികൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും, മറന്നുപോകാൻ സാധ്യതയുള്ള കാര്യങ്ങൾക്കായി റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് ഏറെ സഹായകരമാണ്.
ഒരേ സമയത്ത് ജോലികൾ കൂമ്പാരമായി കിടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കി വർഷം മുഴുവനായി ഇവ വിഭജിച്ചു ചെയ്യാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. അടുക്കളയിലെ പ്ലംബിംഗ് ജോലികൾ, വീട്ടുപകരണങ്ങളുടെ പരിശോധന, സുരക്ഷാ പരിശോധനകൾ എന്നിവയാണ് പ്രധാനമായും ഈ രീതിയിൽ ക്രമീകരിക്കാൻ കഴിയുന്നത്.
ശീതകാലം, വേനൽക്കാലം എന്നിങ്ങനെ വ്യത്യസ്ത സീസണുകൾക്കനുസരിച്ചുള്ള പരിശോധനകളും ഇതിൽ ഉൾപ്പെടുത്താം. എച്ച്.വി.എ.സി (HVAC) ഫിൽട്ടറുകൾ മാറ്റുക, സ്മോക്ക് ഡിറ്റക്ടറുകൾ പരിശോധിക്കുക, വാട്ടർ ഹീറ്ററുകളിൽ ചോർച്ചയുണ്ടോ എന്ന് നോക്കുക, ചിമ്മിനി പരിശോധനകൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായ ഇടവേളകളിൽ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.
മാസത്തിലൊരിക്കൽ ചെയ്യാവുന്ന സിങ്കിന് അടിയിലെ ചോർച്ച പരിശോധനയും സ്മോക്ക് ഡിറ്റക്ടർ പരിശോധനയും ഇതിൽ ഉൾപ്പെടുത്താം. എയർകണ്ടീഷണർ സർവീസ് ചെയ്യൽ, ജനലുകളിലെയും വാതിലുകളിലെയും സീലുകൾ പരിശോധിക്കൽ തുടങ്ങിയ മാസത്തിൽ കുറഞ്ഞ തവണ മാത്രം ആവശ്യമുള്ള ജോലികൾക്കായി പ്രത്യേക സമയവും ഇതിൽ മാറ്റിവെക്കാവുന്നതാണ്.
ഗൂഗിൾ ടാസ്ക്സ് (Google Tasks) വഴി ദിനംപ്രതി ഉള്ള ജോലികൾ ക്രമീകരിക്കാം എല്ലാ പരിപാലന ജോലികളും കലണ്ടറിലെ സമയം പൂർണ്ണമായി എടുത്തുതീർക്കുന്നവ ആയിരിക്കണമെന്നില്ല. ചില ജോലികൾ കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടതാണെങ്കിൽ, മറ്റു ചിലതിന് പ്രൊഫഷണൽ സേവനമോ കുറച്ചു സമയമോ ആവശ്യമായി വരും.
ഇത്തരം കാര്യങ്ങൾ കൃത്യസമയത്ത് ഓർത്തെടുക്കാനും ചെയ്തുതീർത്തവ പൂർത്തിയായി അടയാളപ്പെടുത്താനും ഗൂഗിൾ ടാസ്ക്സ് ഏറെ ഉപകാരപ്രദമാണ്. അപ്ലയൻസ് ഫിൽട്ടറുകൾ വൃത്തിയാക്കൽ, ചോർച്ച പരിശോധിക്കൽ, സീസണുകൾ മാറുന്നതിനനുസരിച്ച് ഗട്ടറുകൾ പരിശോധിക്കൽ എന്നിവയ്ക്കായി ആവർത്തിച്ചുള്ള റിമൈൻഡറുകൾ സെറ്റ് ചെയ്യാം.
ഇതിനായി ഓരോ ടാസ്കിനും നിശ്ചിത തീയതി നൽകുകയും, ജോലി തീർന്നാൽ അത് പൂർത്തിയായതായി അടയാളപ്പെടുത്തുകയും ചെയ്യാം. കലണ്ടർ തുറന്ന് പ്ലസ് ഐക്കൺ ക്ലിക്ക് ചെയ്ത് ടാസ്ക് തിരഞ്ഞെടുക്കുക വഴി ഇത് ചെയ്യാവുന്നതാണ്.
മാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ എന്ന രീതിയിൽ ഇതിന്റെ ആവൃത്തിയും നിശ്ചയിക്കാം. കാലാവധി കഴിഞ്ഞ ജോലികൾ ‘പെൻഡിങ് ടാസ്ക്സ്’ എന്ന വിഭാഗത്തിൽ നിന്നും പിന്നീട് പുനഃക്രമീകരിക്കാവുന്നതാണ്.
കൂടാതെ അപ്ലയൻസ് മാനുവലുകളുടെ ഗൂഗിൾ ഡ്രൈവ് ലിങ്കുകൾ ടാസ്കിനൊപ്പം ചേർത്ത് വെക്കുന്നത് വഴി ആവശ്യ സമയത്ത് വിവരങ്ങൾ തിരഞ്ഞു നടക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം.
പ്രധാനപ്പെട്ട അറ്റകുറ്റപ്പണികൾക്കായി ഗൂഗിൾ കലണ്ടർ ഇവന്റുകൾ ഉപയോഗിക്കാം എയർകണ്ടീഷണർ സർവീസ് ചെയ്യുക, പ്ലംബറെ വിളിക്കുക, പെസ്റ്റ് കൺട്രോൾ പരിശോധന നടത്തുക തുടങ്ങിയ വലിയ ജോലികൾക്ക് വെറുമൊരു റിമൈൻഡർ മാത്രം പോരാതെവരാറുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ ഗൂഗിൾ കലണ്ടർ ഇവന്റുകൾ ഉപയോഗിച്ച് സമയം മുൻകൂട്ടി നിശ്ചയിക്കാം. തീയതി, സമയം, സ്ഥലം തുടങ്ങിയ വിവരങ്ങൾ ഇതിൽ ചേർക്കാവുന്നതാണ്.
ടെക്നീഷ്യൻ നൽകുന്ന ക്വോട്ടേഷനുകൾ ഗൂഗിൾ ഡ്രൈവ് ഫയലായി ഇവന്റിൽ അറ്റാച്ച് ചെയ്യുകയും ചെയ്യാം. സ്റ്റോറേജ് ഏരിയകൾ വൃത്തിയാക്കൽ പോലുള്ള വലിയ ജോലികൾക്കായി സമയം മാറ്റിവെക്കാനും ഈ ഇവന്റുകൾ ഏറെ പ്രയോജനപ്പെടും.
സങ്കീർണ്ണമായ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ ഗൂഗിൾ ടാസ്ക്സും ഗൂഗിൾ കലണ്ടറും ഒരേസമയം ഉപയോഗിച്ച് വീട്ടുപകരണങ്ങളുടെ പരിപാലനം എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കും. ഓർമ്മശക്തിയെ മാത്രം ആശ്രയിക്കാതെ വർഷം മുഴുവൻ ഇത്തരം ജോലികൾ കൃത്യമായി പ്ലാൻ ചെയ്യാനും ഇത് ഏറെ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

