അമേരിക്കൻ കോൺഗ്രസിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് വലിയ തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഭരണകക്ഷിയുടെ ഭൂരിപക്ഷം പൂർണ്ണമായും നഷ്ടപ്പെട്ടു.
ദശാബ്ദങ്ങളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറപ്പുള്ള കോട്ടകളായിരുന്ന മേഖലകളിലെല്ലാം എതിരാളികളുടെ വൻ മുന്നേറ്റമാണ് ദൃശ്യമായത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി മുപ്പതിലധികം പൊതുയോഗങ്ങളിൽ നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും ജനങ്ങൾ ഡോണൾഡ് ട്രംപ് ഉയർത്തിയ വാദങ്ങളെ കൈയൊഴിയുകയായിരുന്നു.
കൻസസ്, ടെക്സസ്, ഒഹായോ, അയോവ തുടങ്ങിയ ഉരുക്കുകോട്ടകളിലെല്ലാം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ പരാജയം ഏറ്റുവാങ്ങി. 435 അംഗ ജനപ്രതിനിധി സഭയിൽ 250 ഓളം സീറ്റുകളിലാണ് ഡെമോക്രാറ്റിക് പാർട്ടി മുന്നേറിയത്.
നൂറംഗ സെനറ്റിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 51 സീറ്റുകളും സ്വന്തമാക്കിയാണ് ഡെമോക്രാറ്റുകൾ മിന്നും വിജയം സ്വന്തമാക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് കനത്ത പരാജയമുണ്ടായി.
ഏറെ ശ്രദ്ധിക്കപ്പെട്ട മിഷിഗണിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അബ്ദുൽ എൽ സയദ് വലിയ വിജയം നേടി.
അതേസമയം, പാലക്കാട്ട് കുടുംബ വേരുകളുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാവ് വിവേക് രാമസ്വാമി ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കേരളവുമായി വേരുകളുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി പ്രമീള ജയപാൽ വാഷിംഗ്ടണിൽ നിന്ന് വൻ വിജയം കരസ്ഥമാക്കി.
വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഒഴിഞ്ഞ ഒഹായോ സെനറ്റിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാർട്ടി വിജയം ഉറപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബാലറ്റിൽ തന്റെ പേര് ഉൾപ്പെടുത്താത്തതാണ് ഈ തിരിച്ചടിക്ക് കാര്യമെന്ന വിചിത്രമായ വാദമാണ് മുന്നോട്ടുവെച്ചത്.
പരാജയം സംഭവിച്ചെങ്കിലും ഭരണത്തിൽ തനിക്ക് വീറ്റോ അധികാരം ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

