രാഷ്ട്രീയ തിരുത്തലുകളുടെ ഭാഗമായി കോഴിക്കോട്ട് ആരംഭിക്കുന്ന സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന മേല്‍നോട്ടം. പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സുപ്രധാന രൂപരേഖ ചര്‍ച്ച ചെയ്യുന്ന യോഗത്തിന്റെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് കേരളത്തിന് പുറത്തുനിന്നെത്തുന്നത്.
മുതിര്‍ന്ന നേതാക്കളുടെ ഈ കൂട്ടായ സാന്നിധ്യം സംഘടനാ തലത്തില്‍ എന്തു മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടി പ്രവര്‍ത്തകരും. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളെച്ചൊല്ലി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഭിന്ന നിലപാടുകളില്‍ നില്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ണായക യോഗം ചേരുന്നത് എന്നത് ശ്രദ്ധേയമാണ്.
വരുന്ന സെപ്റ്റംബര്‍ 13 മുതല്‍ 15 വരെയാണ് കോഴിക്കോട്ട് വിപുലീകൃത സംസ്ഥാന സമിതി യോഗം നിശ്ചയിച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തില്‍ നിന്ന് പ്രമുഖ നേതാക്കളുടെ വലിയൊരു നിര തന്നെ യോഗത്തില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്.
ജനറല്‍ സെക്രട്ടറി എം.എ.ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബി.വി.രാഘവലു, കെ.ബാലകൃഷ്ണന്, യു.വാസുകി, വിജൂ കൃഷ്ണന് എന്നിവരാണ് മേല്‍നോട്ടത്തിനായി കേരളത്തിലെത്തുന്നത്. ഇവര്‍ക്ക് പുറമെ, കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളായ എ.വിജയരാഘവന്, പിണറായി വിജയന്, എം.വി.ഗോവിന്ദന് എന്നിവര്‍ കൂടി ചേരുമ്പോള്‍ യോഗത്തില്‍ പങ്കെടുക്കുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ ആകെ എണ്ണം എട്ടായി ഉയരും.
തിരഞ്ഞെടുപ്പിലെ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള സമഗ്ര ചര്‍ച്ചകളാണ് യോഗത്തിന്റെ പ്രധാന അജണ്ട.
സംസ്ഥാന സമിതി അവതരിപ്പിക്കുന്ന ഭാവി പ്രവര്‍ത്തന രൂപരേഖയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തുടര്‍ന്നുള്ള തീരുമാനങ്ങള്‍. കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ സാന്നിധ്യം യോഗത്തില്‍ യാതൊരുവിധ സമ്മര്‍ദ്ദങ്ങളുമില്ലാതെ സ്വതന്ത്രവും നിര്‍ഭയവുമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന നേതൃത്വത്തിന് പൂര്‍ണ്ണമായി ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടാണ് കേന്ദ്ര അവലോകന റിപ്പോര്‍ട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ സംഘടനാ തലത്തിലും നേതൃതലത്തിലും എന്തൊക്കെ മാറ്റങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം മുതിരുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

