നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഒരു അധിക വരുമാന വഴിയാണ് ഇന്ന് ഒടിടി റൈറ്റ്സ്. തിയറ്ററില്‍ കാര്യമായി ഓടാത്ത ചിത്രങ്ങളാണെങ്കില്‍ ഈ തുകയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്.
അതേസമയം തിയറ്ററില്‍ നന്നായി ഓടുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ ഒടിടി വിന്‍ഡോ പരമാവധി നീട്ടിക്കിട്ടാനാണ് നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കാറ്. ബോളിവുഡില്‍ നിലവിലെ അംഗീകൃത ഒടിടി വിന്‍ഡോ എട്ട് ആഴ്ച ആണെങ്കില്‍ തെന്നിന്ത്യയില്‍ അത് പലപ്പോഴും നാല് ആഴ്ചയാണ്.
അതേസമയം ലോക പോലെ ചില ചിത്രങ്ങള്‍ എട്ട് ആഴ്ചത്തെ ഒടിടി വിന്‍ഡോ സമീപകാലത്ത് നേടിയെടുത്തിട്ടുണ്ട്. ലോകയ്ക്കൊപ്പം നാളെ ഒടിടിയില്‍ എത്താനിരിക്കുന്ന ഒരു ചിത്രത്തിന്റെ ഒടിടി വിന്‍ഡോ ഇന്‍ഡസ്ട്രിയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയാണ്.
തിയറ്ററുകളില്‍ വന്‍ വിജയം നേടിയ കാന്താര ചാപ്റ്റര്‍ 1 ആണ് അത്. ഇത്ര വലിയ വിജയം നേടിയ, ഇപ്പോഴും തിയറ്ററുകളില്‍ മികച്ച ഒക്കുപ്പന്‍സിയുടെ ചിത്രം ഇത്രയും വേഗത്തില്‍ ഒടിടിയില്‍ എത്തുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്.
ഈ മാസം 2 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് കാന്താര. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ഒരു ചിത്രം.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് വെറും 28 ദിവസം കൊണ്ട് നേടിയത് 821.5 കോടി രൂപയാണ്. ഇന്നലെയും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 1.26 കോടിയും കന്നഡ പതിപ്പ് നേടിയത് 84 ലക്ഷവും ആയിരുന്നു.
ബോക്സ് ഓഫീസില്‍ ഇനിയും വലിയ അത്ഭുതങ്ങള്‍ കെല്‍പ്പുള്ള ചിത്രത്തിന്റെ ഒടിടി പ്രഖ്യാപനം ഇത്ര വേഗത്തില്‍ വന്നത് ഇന്‍ഡസ്ട്രിയില്‍ ഞെട്ടലാണ് ഉണ്ടാക്കിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്റെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ നാളെയാണ് എത്തുക (ഒക്ടോബര്‍ 31).
അതേസമയം ഹിന്ദി പതിപ്പ് എട്ട് ആഴ്ചകള്‍ക്ക് ശേഷമേ എത്തൂ. നിര്‍മ്മാതാക്കളുടെ ആഗ്രഹപ്രകാരമുള്ള ഒരു ഒടിടി വിന്‍ഡോ അല്ല ഇത്.
മറിച്ച് അവര്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒപ്പിട്ട
ഒടിടി കരാര്‍ ആണ് ചിത്രത്തിന്റേത്. ഇതനുസരിച്ചാണ് 29-ാം ദിനം ചിത്രം ഒടിടിയില്‍ എത്തുന്നത്.
ഇത്ര വലിയ വിജയം ചിത്രം നേടുമെന്നത് മുന്‍കൂട്ടി കാണാന്‍ നിര്‍മ്മാതാക്കള്‍ക്ക് അന്ന് സാധിക്കാതെയും പോയി. കൊവിഡിന് ശേഷം തിയറ്ററുകളിലേക്ക് ജനം കാര്യമായി എത്തി തുടങ്ങുന്നതിന് മുന്‍പ് അത് പ്രതീക്ഷിക്കാനും സാധിക്കില്ലായിരുന്നു.
എന്നാല്‍ ചിത്രം ഒടിടിയില്‍ എത്തിയാലും ബോക്സ് ഓഫീസില്‍ അമ്പേ വീഴില്ല എന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ഒടിടി റിലീസിന് ശേഷമുള്ള തിയറ്റര്‍ കളക്ഷന്‍ എങ്ങനെ ആയിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇന്‍ഡസ്ട്രി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

