സംസ്ഥാനത്ത് വലിയ തോതിലുള്ള അനധികൃത മരംമുറിക്ക് വഴിയൊരുക്കിയ റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തിൽ, കടത്തപ്പെട്ട കോടികണക്കിന് രൂപയുടെ മരങ്ങൾ ഇനിയും കണ്ടെത്താനാകാതെ അധികൃതർ.
ഔദ്യോഗിക കണക്കുകൾ പ്രകാരം 14 കോടിയിലധികം രൂപ വിലമതിക്കുന്ന മരങ്ങളാണ് സംസ്ഥാനത്ത് മുറിച്ചു മാറ്റിയത്. എന്നാൽ ഇതിൽ ആറ് കോടി രൂപയുടെ മരങ്ങൾ ഇതുവരെ പിടിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.
റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മരങ്ങളാണ് ഈ ഉത്തരവിന്റെ മറവിൽ വ്യാപകമായി മുറിച്ചുമാറ്റപ്പെട്ടത്. ഇത്തരത്തിൽ കടത്തപ്പെട്ട
ഈട്ടി, തേക്ക് തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങളെക്കുറിച്ച് പിന്നീട് കാര്യക്ഷമമായ അന്വേഷണങ്ങളും നടന്നിട്ടില്ല. 2020 ഒക്ടോബര്‍ 24-നാണ് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് വിവാദ ഉത്തരവ് പുറത്തിറക്കിയത്.
ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകുന്നതായിരുന്നു ഈ ഉത്തരവ്. തുടർന്ന് വ്യാപക പ്രതിഷേധങ്ങളെ തുടർന്ന് 2021 ഫെബ്രുവരി നാലിന് സർക്കാർ ഈ ഉത്തരവ് പിൻവലിക്കുകയും ചെയ്തു.
എന്നാൽ ഈ ചെറിയ കാലയളവിനുള്ളിൽ കേരളത്തിലുടനീളം 2600-ലധികം മരങ്ങളാണ് വെട്ടിക്കടത്തിയത്. പ്രശസ്തമായ മുട്ടില്‍ മരംമുറി കേസിൽ മാത്രം 108 ഈട്ടിമരങ്ങളാണ് മുറിച്ചുമാറ്റപ്പെട്ടത്.
തുടർന്ന് 2021 ഫെബ്രുവരി ആറിന് പെരുമ്പാവൂരില്‍ നിന്ന് വനംവകുപ്പ് ഈട്ടിത്തടികൾ പിടികൂടുകയുണ്ടായി. ആകെ മുറിച്ചതിൽ എട്ട് കോടിയിലേറെ രൂപയുടെ മരങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.
റവന്യൂ ഉത്തരവിന്റെ മറവിൽ കടത്തപ്പെട്ട ബാക്കി ആറ് കോടിയിലേറെ രൂപ വിലമതിക്കുന്ന മരങ്ങളാണ് ഇപ്പോൾ കാണാമറയത്തുള്ളത്.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് അഗസ്റ്റിന് സഹോദരങ്ങൾ പ്രതികളായ കേസുകൾ മാത്രമാണ് അന്വേഷണ സംഘം കൃത്യമായി അന്വേഷിച്ചത്. ഈ കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചത്.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ, ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥന്, വയനാട്ടിലെ കല്‍പ്പറ്റയിലുണ്ടായിരുന്ന ഒരു റേഞ്ച് ഓഫീസര്‍ എന്നിവരുടെയെല്ലാം പേരുകൾ ഉയർന്നുവന്നിരുന്നെങ്കിലും പൊലീസ് ഇക്കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിച്ചില്ല. ഇതിന് പിന്നിൽ മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
എസ്ഐടി തലവനായിരുന്ന എഡിജിപി എസ് ശ്രീജിത്തിന് മറ്റൊരു കേസിന്റെ ചുമതല നൽകി മാറ്റുകയായിരുന്നു. കൂടാതെ, ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് കണ്ടെത്തിയ വ്യക്തികളെക്കുറിച്ചും എസ്ഐടി സംഘം അന്വേഷണം നടത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

