ആലപ്പുഴ ജില്ലയിലെ പൂച്ചാക്കലിൽ ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണത്തിൽ നിന്നും ബിജെപി പുറത്തായി. പഞ്ചായത്ത് പ്രസിഡന്റ് വി വിനിത, വൈസ് പ്രസിഡന്റ് ദിനേശ് കുമാർ എന്നിവർക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയങ്ങൾ എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ വിജയിച്ചതിനെ തുടർന്നാണ് ഏഴ് മാസം മാത്രം നീണ്ടുനിന്ന ബിജെപി ഭരണത്തിന് തിരശ്ശീല വീണത്.
പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം കോൺഗ്രസ് അംഗമായ ജഗദീഷ് പി മാന്താനത്ത് ആണ് സഭയിൽ അവതരിപ്പിച്ചത്. ഈ പ്രമേയത്തെ യുഡിഎഫിന്റെ ഏഴും സിപിഐ(എം)ന്റെ അഞ്ചും അംഗങ്ങൾ അനുകൂലിച്ചു വോട്ട് ചെയ്തപ്പോൾ, ഭരണപക്ഷത്തുള്ള ബിജെപിയുടെ ഏഴ് അംഗങ്ങളും പ്രമേയത്തെ ശക്തമായി എതിർത്തു.
സമാനമായ രീതിയിൽ, വൈസ് പ്രസിഡന്റിനെതിരെ കോൺഗ്രസ് അംഗം അഗസ്റ്റിൻ കൊച്ചുവെളി കൊണ്ടുവന്ന അവിശ്വാസ പ്രമേയവും ഇതേ വോട്ടുനിലയിൽ തന്നെ പാസാവുകയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ 19 അംഗങ്ങളുള്ള ഭരണസമിതിയിൽ ഏതെങ്കിലും ഒരു മുന്നണിക്ക് കേവല ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല.
അന്ന് യുഡിഎഫും ബിജെപിയും ഏഴ് വീതം സീറ്റുകളും, എൽഡിഎഫ് അഞ്ച് സീറ്റുകളുമാണ് നേടിയത്. തുടർന്ന് നടന്ന നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ബിജെപി പ്രതിനിധികൾ അധികാരത്തിലേറിയത്.
അതേസമയം, പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഔദ്യോഗികമായി നടക്കുന്നത് വരെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൈനാ ഗോപിനാഥ് പഞ്ചായത്ത് പ്രസിഡന്റിന്റെയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ വൈസ് പ്രസിഡന്റിന്റെയും താൽക്കാലിക ചുമതലകൾ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

