കലുങ്ക് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ നഗരത്തിലെ എൻഎസ് ടാക്കീസ് – കലക്ടറേറ്റ് റോഡ് അടച്ചതിനെത്തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നഗരമധ്യത്തിലെ വിവിധ റോഡുകളിലുണ്ടായ അനിയന്ത്രിതമായ തിരക്ക് കാരണം ജില്ലാ ആശുപത്രിയുൾപ്പെടെയുള്ള പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അത്യാഹിത വിഭാഗവുമായി എത്തുന്ന ആംബുലൻസുകൾ അടക്കമുള്ളവ ഗതാഗതക്കുരുക്കിൽപ്പെടുന്നത് ഗുരുതരമായ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
തളിപ്പറമ്പ്, തലശ്ശേരി ഭാഗങ്ങളിൽനിന്നും ഗാന്ധി സർക്കിളിൽ എത്തുന്ന ആംബുലൻസുകൾക്ക് ജില്ലാ ആശുപത്രി ഭാഗത്തേക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. പൊലീസ് ക്ലബ് ജംക്ഷൻ റോഡ് തുറന്നുകൊടുത്താൽ ഗാന്ധി സർക്കിൾ വഴി വിവിധ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് ജില്ലാ ആശുപത്രിയിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും.
റോഡിലെ രൂക്ഷമായ തിരക്കിനിടയിലൂടെ എമർജൻസി വാഹനങ്ങളെ കടത്തിവിടാൻ ട്രാഫിക് പൊലീസും ഏറെ ബുദ്ധിമുട്ടുകയാണ്. താലൂക്ക് ഓഫിസ് – സ്റ്റേഡിയം – പഴയ ബസ് സ്റ്റാൻഡ് റോഡിൽ വാഹനങ്ങളുടെ നീണ്ട
നിരയാണ് ഇഴഞ്ഞുനീങ്ങുന്നത്. പൊലീസ് ക്ലബ് ജംക്ഷനിൽനിന്ന് കലക്ടറേറ്റിനു മുൻപിലൂടെ ഗാന്ധി സർക്കിൾ ഭാഗത്തേക്കും തിരിച്ചുമുള്ള റോഡ് അടച്ചതാണ് സ്റ്റേഡിയം റോഡിലെ കുരുക്ക് ഇത്രയധികം വർദ്ധിക്കാൻ പ്രധാന കാരണം.
ഈ റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ താവക്കര ഭാഗത്തുനിന്നെത്തുന്ന മുഴുവൻ വാഹനങ്ങളും പൊലീസ് ക്ലബ് ജംക്ഷനിൽനിന്ന് പ്രസ്ക്ലബ് റോഡിലേക്ക് തിരിഞ്ഞ്, പഴയ ബസ് സ്റ്റാൻഡ് യോഗശാല റോഡ് ജംക്ഷൻ വഴിയാണ് വിവിധ ദിശകളിലേക്ക് പോകുന്നത്. സ്റ്റേഡിയം റോഡിലെ ഗതാഗതക്കുരുക്ക് കാരണം മുനീശ്വരൻ കോവിൽ ഭാഗത്തുനിന്നും പഴയ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ യോഗശാല – തളാപ്പ് അമ്പലം റോഡിലൂടെയാണ് തിരിച്ചുവിടുന്നത്. ഫലത്തിൽ ഈ റോഡും മുഴുവൻ സമയവും കനത്ത കുരുക്കിലാണ്.
കൂടാതെ, തലശ്ശേരി ഭാഗത്തുനിന്നെത്തുന്ന ചെറിയ വാഹനങ്ങൾ കാൽടെക്സിലെ ചേംബർ ഹാളിന് മുന്നിൽനിന്ന് തായത്തെരു – വലിയവളപ്പ്കാവ് റോഡ് വഴി താവക്കര ഭാഗത്തേക്ക് പോകുന്നത് ഈ ഇടുങ്ങിയ റോഡുകളിലും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പ്രധാന റോഡുകളിലെ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ഇടറോഡുകളെ ആശ്രയിക്കുന്ന എമർജൻസി വാഹനങ്ങളും ഒടുവിൽ ഈ ഇടുങ്ങിയ വഴികളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

