
സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ: മുഖ്യമന്ത്രി; എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് സമാപനം
കോഴിക്കോട് ∙ രാജ്യത്തിന് ആപത്തുണ്ടാക്കുന്നതും ഭാവി തലമുറയ്ക്ക് തെറ്റായ വിവരങ്ങൾ കൈമാറുന്നതുമായ പുതിയ വിദ്യാഭ്യാസനയം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വിദ്യാർഥി റാലിയും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ, ഉദാരവൽക്കരണ, കാവിവൽക്കരണ നയങ്ങൾ പിന്തുടർന്നുകൊണ്ടല്ല കേരളം മുന്നോട്ടു പോകുന്നത്. പാഠപുസ്തക ഭേദഗതികൾ ഞങ്ങൾ അംഗീകരിച്ചില്ല.
മാത്രമല്ല, പാഠപുസ്തങ്ങളിൽ നിന്ന് ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിന്റെയെല്ലാം പക തീർക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്.
ഒരു ഭാഗത്ത് വിദ്യഭ്യാസ സമ്പ്രദായമാകെ കാവിവൽക്കരിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി ചരിത്രം വളച്ചൊടിച്ച് പാഠപുസ്തകങ്ങളുടെ ഭാഗമാക്കുന്നു.
രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടപ്പെടുത്തുന്ന നിലപാടുകളാണ് ആർഎസ്എസ് ആജ്ഞ അനുസരിച്ച് ബിജെപി സർക്കാർ കൈക്കൊള്ളുന്നത്. പരസ്യമായി ഭരണഘടനക്കെതിരെ വരുന്നു.
ജനാധിപത്യ വ്യവസ്ഥ തകർക്കാനുള്ള നീക്കങ്ങൾ നടത്തുന്നു. ഭരണഘടനയിലെ ആപ്തവാക്യങ്ങൾ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു.
രാജ്യത്തിന്റെ പൊതുവായ സ്വഭാവം ഇവർ മാറ്റി മറയ്ക്കുകയാണ്.
ബിജെപിയെന്നത് സാധാരണ നിലയ്ക്കുള്ള ഒരു രാഷ്ട്രീയ പാർട്ടിയല്ല.
ആർഎസ്എസ് നേതൃത്വം അംഗീകരിച്ച അവരുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ബാധ്യതപ്പെട്ട പാർട്ടിയാണത്.
ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണ്. സയണിസ്റ്റുകളുടെ എല്ലാ ഭീകരവാദത്തിനും ഒപ്പം നിൽക്കുന്നവരാണ് ആർഎസ്എസുകാർ.
ആർഎസ്എസ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയല്ല. അവരുടേത് മുസോളിനിയുടെയും ഹിറ്റ്ലറുടേയും ഫാസിസ്റ്റ് നയമാണ്.
അവരുടെ വിചാരധാരയിൽ എഴുതി വച്ചിരിക്കുന്ന മൂന്ന് ശത്രുക്കൾ മുസ്ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരാണ്. ഇത് ഭാരതത്തിന്റെ പൈതൃകങ്ങളിൽ നിന്നോ ഇതിഹാസങ്ങളിൽ നിന്നോ കിട്ടിയതല്ല.
ആ ആശയം ഹിറ്റ്ലറുടേതാണെന്നും പിണറായി പറഞ്ഞു.
അഖിലേന്ത്യാ സമ്മേളനം റാലിയോടെയാണ് സമാപിച്ചത്. ബാൻഡ് മേളത്തിനും കളരിപ്പയറ്റ് അവതരണത്തിനും പുറമെ അതത് സംസ്ഥാനങ്ങളിലെ പാട്ടുകളും ചുവടുകളുമായി അംഗങ്ങൾ റാലിയ്ക്ക് നിറമേകി.
പൊതുസമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി അധ്യക്ഷനായി.
ജോയിന്റ് സെക്രട്ടറിമാരായ ഐഷി ഘോഷ്, സത്യേഷ ലെയുവ, മുൻ അഖിലേന്ത്യാ പ്രസിഡന്റുമാരായ ആർ.അരുൺകുമാർ, വി.പി.സാനു, മുൻ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ, എന്നിവർ സംസാരിച്ചു. ധീരജിന്റെ അമ്മ പുഷ്കല സംബന്ധിച്ചു.
മുഖ്യമന്ത്രിക്കുള്ള ഉപഹാരം സ്വാഗതസംഘം ചെയർമാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും സ്വാഗതസംഘം ട്രഷറർ എം.മെഹബൂബും സമ്മാനിച്ചു. ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് നന്ദിയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]