കാസർകോട് ജില്ലയിലെ എക്സൈസ് വകുപ്പിൽ നടപ്പിലാക്കിയ വ്യാപകമായ സ്ഥലംമാറ്റ നടപടികൾക്കെതിരെ സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഭരണമാറ്റത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ സേവന മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി.
ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന രീതിയിലുള്ള സ്ഥലംമാറ്റങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഔദ്യോഗിക മാനദണ്ഡങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും വിരുദ്ധമായി നടന്ന സ്ഥലംമാറ്റങ്ങൾ ഏറെ വിവാദമായിരിക്കുകയാണ്.
ഗുരുതരമായ ഹൃദ്രോഗബാധിതനായ ഒരു ജീവനക്കാരനെ നിലവിലെ ഓഫിസിൽ ആറുമാസം പോലും പൂർത്തിയാകുന്നതിന് മുമ്പ് 50 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഓഫിസിലേക്ക് മാറ്റിയത് മനുഷ്യാവകാശ ലംഘനമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. കൂടാതെ, സർവീസിൽ നിന്ന് വിരമിക്കാൻ ഒന്നരവർഷം മാത്രം ബാക്കിയുള്ള ജീവനക്കാരനെ മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലേക്കു മാറ്റിയ നടപടിയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്), പ്രിവന്റീവ് ഓഫിസർമാർ, സിവിൽ എക്സൈസ് ഓഫിസർമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാർ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർമാർ തുടങ്ങിയ തസ്തികകളിലുള്ളവരെയാണ് ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയത്. അന്യായമായ ഈ സ്ഥലംമാറ്റ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

