ഹോർമുസ് കടലിടുക്കിലെ ഇടപെടലുകൾക്കെതിരെ ഒമാന് രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനുമായി ചേർന്ന് മേഖലയിൽ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിച്ചാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ പരാമർശം നാവുപിഴയാണെന്ന തരത്തിൽ പ്രചരിച്ചെങ്കിലും, ഒമാനെ തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ ടോൾ പിരിക്കാനുള്ള ഏത് നീക്കത്തെയും നേരിടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകി.
ഇതിനായി നേരിട്ടോ അല്ലാതെയോ ഒമാൻ ശ്രമിച്ചാൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഒമാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തിയതായി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും ഒമാനോടൊപ്പം ഉണ്ടാകുമെന്ന് ഇറാൻ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനിടയിൽ, വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന് നേരെയും ആക്രമണം ഉണ്ടായി.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തെ പ്രതിരോധിച്ചതായി കുവൈത്ത് സേന അറിയിച്ചു. ഇറാനെതിരായ വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യാഴാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും, ഡോണൾഡ് ട്രംപിന്റെ അന്തിമ അംഗീകാരം ലഭിക്കാത്തതിനാൽ കരാർ അനിശ്ചിതത്വത്തിലാണ്.
ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച പ്രസിഡന്റ്, ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ ആണവായുധ പദ്ധതികളിൽ പുതിയ ചർച്ചകൾ ആരംഭിക്കുമെന്നും വാൻസ് സൂചിപ്പിച്ചു.
ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നു കൊടുക്കുക, അവിടെ സ്ഥാപിച്ചിരിക്കുന്ന മൈനുകൾ നീക്കം ചെയ്യുക, യുറേനിയം ശേഖരം സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിക്കുക തുടങ്ങിയ കർശന ഉപാധികളാണ് അമേരിക്ക മുന്നോട്ടുവെക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

