ബെംഗളൂരു: ഒറ്റമണിക്കൂറിനിടെ പെയ്ത ഒറ്റപ്പെയ്ത്തിൽ കുളമായി ബെംഗളൂരു നഗരം. ബുധനാഴ്ച വൈകുന്നേരം അഞ്ചേകാലോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് ആലിപ്പഴം വീഴ്ചയോടെ ശക്തമായ മഴ പെയ്തിറങ്ങിയത്, പിന്നാലെ 50 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയതോടെ മരങ്ങൾ കടപുഴകുകയും ചില്ലകൾ വീഴുകയും ചെയ്ത് നഗര ഗതാഗതം നിശ്ചലമായി.
എംജി റോഡ്, അശോക് നഗർ, റിച്ച്മണ്ട് ടൗൺ, ഉൾസൂർ, ഇന്ദിരാനഗർ, കൊറമംഗല, ചിക്പേട്ട്, ചാമരാജ്പേട്ട്, വിവി പുരം, ബനശങ്കരി, ജെപി നഗറിൻ്റെ ഭാഗങ്ങൾ, ബിടിഎം ലേഔട്ട്, ബെലന്ദൂർ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചു. അശോക് നഗറിലും കണ്ഠീരവ സ്റ്റേഡിയത്തോട് ചേർന്ന പ്രദേശങ്ങളിലും കട്ടികൂടിയ ആലിപ്പഴം വീഴ്ച ഉണ്ടായി.
ശക്തമായ മഴയെ തുടർന്ന് റോഡുകളിലും പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും മിനിറ്റുകൾക്കകം രണ്ടുമുതൽ മൂന്ന് അടിവരെ ഉയരത്തിൽ വെള്ളമൊഴുക്ക് ഉണ്ടായി. ഓടകൾ നിറഞ്ഞുകവിഞ്ഞതോടെ താഴ്ന്ന ഭാഗങ്ങളിൽ പ്രളയ സമാനമായ സാഹചര്യം.
റോഡുകളിൽ വെള്ളം കയറിയതോടെ ബൈക്ക് യാത്രക്കാരും ഓഫീസ് ജോലിക്കാരും വ്യാപാരികളും ഒറ്റപ്പെട്ടുപോയി. പോസ്റ്റുകളും കേബിളുകളും നിലംപതിച്ചും ട്രാൻസ്ഫോർമറുകളിൽ പൊട്ടിത്തെറി ഉണ്ടായും വൈദ്യുതിവിതരണം നിലച്ചതോടെ ബെംഗളൂരുവിലെ വൈദ്യുതി വിതരണ ഏജൻസിയായ ബെസ്കോം ജീവനക്കാരും പാടുപെട്ടു.
50ലധികം വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചപ്പോൾ മരങ്ങളും ചില്ലകളും വീണ് 200ലധികം പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചുവെന്നാണ് കണക്ക്. മതിലിടിഞ്ഞു, വൈദ്യുതാഘാതം; ദാരുണമരണങ്ങൾ കനത്ത മഴയിൽ ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞ് ഷോപ്പിങ് നടത്തുകയായിരുന്ന പെൺകുട്ടി അടക്കം ഏഴുപേർക്ക് ദാരുണാന്ത്യം സംഭവിച്ചു.
ഇതിൽ എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത എന്നിവരും ഉൾപ്പെടുന്നു. ഒൻപതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇത്രയും വലിയൊരു മഴക്കെടുതിക്ക് നഗരം സാക്ഷ്യം വഹിക്കുന്നത്. ശിവാജിനഗറിലും ബന്നാർഗട്ട
റോഡിലും പൊട്ടിവീണ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. ചാമരാജ്പേട്ടിലെ അശ്വത്കട്ടെ റോഡിൽ വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നുവീണ് മറ്റൊരാളും മരിച്ചു.
പെയ്തിറങ്ങിയത് 78 മില്ലിമീറ്റർ മഴ നഗരഹൃദയ ഭാഗങ്ങളിൽ 78 മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്ക്. അതോടൊപ്പം തന്നെ തെക്ക്, കിഴക്കൻ ഭാഗങ്ങളിലും ഗണ്യമായ മഴ ലഭിച്ചു.
അടുത്ത 48 മണിക്കൂറിൽ ഇടിയോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

