
‘പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞാൽ നിരാകരിക്കില്ല, പട്ടികയില്‍ രാജീവ് ചന്ദ്രശേഖറും; മുഖ്യമന്ത്രിയുടെ കുടുംബം വന്നതില്‍ വിവാദമില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ്ങുമായി ബന്ധപ്പെട്ടു കേന്ദ്രത്തിനു സംസ്ഥാന സര്‍ക്കാര്‍ നല്കിയ പട്ടികയില്‍ പ്രതിപക്ഷ നേതാവ് പേര് ഉണ്ടായിരുന്നെന്നു തുറമുഖമന്ത്രി വി.എന്‍.വാസവന്. വേദിയില്‍ പ്രതിപക്ഷ നേതാവിനു സ്ഥാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കമ്മിഷനിങ് ചടങ്ങ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷം തന്നെയാണെന്നും മന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി പി.പി.പി മോഡലില്‍ നടത്തുന്ന പദ്ധതിയാണ്. അത് വാര്‍ഷികസമയത്ത് ഉദ്ഘാടനം ചെയ്യുമ്പോള്‍ വാര്‍ഷികാഘോഷമാണെന്നു പറയുന്നതില്‍ എന്താണു കുഴപ്പമെന്നും മന്ത്രി ചോദിച്ചു. പതിനായിരം പേരോളം പങ്കെടുക്കുന്ന ചടങ്ങാണ് സംഘടിപ്പിക്കുന്നത്.
മേയ് 2ന് 10 മണിയോടെ പ്രധാനമന്ത്രി തുറമുഖത്ത് എത്തി സന്ദര്‍ശനം നടത്തും. അതിനു ശേഷം 11 മണിയോടെ ആയിരിക്കും യോഗം ആരംഭിക്കുക. മുഖ്യമന്ത്രിയുടെ കുടുംബം തുറമുഖം സന്ദര്‍ശിച്ചതു സംബന്ധിച്ച് യാതൊരു വിവാദത്തിന്റെയും ആവശ്യമില്ലെന്നു മന്ത്രി പറഞ്ഞു. അവിടെ ഔദ്യോഗിക യോഗമൊന്നും ഉണ്ടായിരുന്നില്ല. ആര് കുടുംബമായി വന്നാലും കാണാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. തുറമുഖ കമ്മിഷനിങ് പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം ബിജെപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, സംസ്ഥാന തുറമുഖമന്ത്രി, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്.അനില്‍, സജി ചെറിയാന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എന്‍.വിന്‍സന്റ് എംഎല്‍എ, അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി, മേയര്‍ ആര്യ രാജേന്ദ്രന്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കരണ്‍ അദാനി തുടങ്ങിയവരുടെ പേരാണ് കേന്ദ്രത്തിലേക്ക് അയച്ചത്. ഇതില്‍ ആരൊക്കെ വേദിയില്‍ ഇരിക്കണമെന്നു തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണ്. സാധാരണ നിലയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയില്‍ ഏഴു പേരില്‍ കൂടുതല്‍ ആളുകളെ പ്രസംഗിക്കാന്‍ അനുവദിക്കില്ല.
പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു പട്ടിക കിട്ടിയ ഉടന്‍ പ്രതിപക്ഷ നേതാവിനു കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തിയത് ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ അല്ല. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇത്തരമൊരു കാര്യം പറയുമ്പോള്‍ നിരാകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. 21ന് സംഘാടകസമിതി യോഗം ചേര്‍ന്നപ്പോള്‍ എംഎല്‍എയെയും എംപിയെയും ക്ഷണിച്ചിരുന്നു. ഇരുവരും പങ്കെടുത്തില്ല. 23ന് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനും അവര്‍ എത്തിയില്ല. എന്നിട്ടും ഇവരുടെ പേര് ഉള്‍പ്പെടുത്തിയാണ് പട്ടിക കൊടുത്തതെന്നും മന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം ഒഴിവാക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. അത് ദൂരീകരിച്ചത് തിങ്കളാഴ്ച രാത്രിയാണ്. അപ്പോള്‍ത്തന്നെ എല്ലാവര്ക്കും കത്തു കൊടുക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം 15 വര്‍ഷത്തിനു ശേഷം മാത്രം സര്‍ക്കാരിനു വരുമാനം ലഭിക്കുന്ന അവസ്ഥയായിരുന്നു. അന്നത്തെ കരാറിനെ അല്ല കരാറിന്റെ ഉള്ളടക്കത്തെ ആണ് എതിര്‍ത്തത്. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ കരാര്‍ പുതുക്കിയതു പ്രകാരം 2034 മുതല്‍ വരുമാനം കിട്ടിത്തുടങ്ങും. അവര്‍ പദ്ധതിക്കു കല്ലിട്ടു എന്നല്ലാതെ ഒരു നിര്‍മാണപ്രവര്‍ത്തനവും നടത്തിയിരുന്നില്ല. അത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത് ഇടതു സര്‍ക്കാരാണ്. പദ്ധതിയുടെ പേരില്‍ ആരെയും ആക്ഷേപിക്കാനില്ലെന്നും ഇടതു സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. വിജിഎഫ് തുക ഗ്രാന്റായി കിട്ടണമെന്നു തന്നെയാണ് പ്രതീക്ഷ. തൂത്തുക്കുടിക്കു ആയിരം കോടിയിലേറെ ഗ്രാന്റായി നല്കിയപ്പോള് എന്തുകൊണ്ടാണ് വിഴിഞ്ഞത്തിനു നല്‍കാതിരുന്നതെന്ന ചോദ്യമാണ് ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.