
ചെന്നൈ: ലാന്റിങിന് മുമ്പ് വിമാനത്തിന്റെ ടയർ പൊട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് അധിക സുരക്ഷാ സന്നാഹങ്ങളൊരുക്കി വിമാനം നിലത്തിറക്കി. വിമാനവും യാത്രക്കാരും പൂർണ സുരക്ഷിതരാണെന്ന് വിമാന കമ്പനി പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം.
ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന സ്പൈസ്ജൈറ്റ് വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് വിമാനം ജയ്പൂരിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റൺവേയിൽ പൊട്ടിയ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൾ ടവറിൽ വിവരം അറിയിച്ചതനുസരിച്ച് പൈലറ്റുമാർക്ക് വിവരം കൈമാറി. വിമാനത്തിന്റെ വിവരങ്ങൾ നിരീക്ഷിച്ചെങ്കിലും എല്ലാം കൃത്യമായിരുന്നതിനാൽ യാത്ര തുടരുകയായിരുന്നു.
ചെന്നൈ എയർ ട്രാഫിക് കൺട്രോളിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ വിമാനം ചെന്നൈയിൽ എത്തിയപ്പോൾ ലാന്റിങിന് മുന്നോടിയായി ടവറിൽ നിന്ന് ടയറുകൾ നേരിട്ട് നിരീക്ഷിച്ചു. വിമാനത്തിന്റെ രണ്ടാം വീലിന് തകരാറുകൾ സംഭവിച്ചതായും ടയർ പൊട്ടി ചില ഭാഗങ്ങൾ പുറത്തേക്ക് വന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എമർജൻസി ലാന്റിങ് പ്രഖ്യാപിച്ച് വിമാനത്താവളത്തിൽ ചട്ട പ്രകാരമുള്ള അധിക സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
വിമാനം സാധാരണ പോലെ തന്നെ സുരക്ഷിതമായി ലാന്റ് ചെയ്തതായും സാധാരണ പോലെ ബ്രേക്ക് ചെയ്ത് നിർത്തി സുരക്ഷിതമായി പാർക്ക് ചെയ്യുകയും ചെയ്തതായി വിമാന കമ്പനി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]