മുംബയ്: മുംബയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിഎസ്എംഐഎ) ടെർമിനൽ 1 ഈ വർഷം നവീകരിക്കുന്നതിന്റെ ഭാഗമായി അടച്ചിടും. വരും കാലങ്ങളിൽ 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്നതിന് വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഒന്നാം നമ്പർ ടെർമിനൽ അടച്ചിടുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും നവി മുംബയിൽ പുതിയതായി നിർമ്മിച്ച മുംബയ് അന്താരാഷ്ട്ര വിമാനത്താവളവും യാത്രക്കാരെ വഹിക്കും.
നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഒന്നാം ടെർമിനലിൽ 20 ദശലക്ഷം യാത്രക്കാരെ വഹിക്കാൻ സാധിക്കും. നിലവിലെ യാത്രക്കാരുടെ എണ്ണത്തിൽ നിന്ന് 42 ശതമാനം വർദ്ധനയാണ് ഉണ്ടാകുകയെന്ന് മുംബയ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2025 നവംബർ 25ന് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. പ്രാരംഭ ഘട്ടത്തിൽ നിലവിലെ ഘടന പൊളിച്ചുമാറ്റും. ശേഷമായിരിക്കും പുതിയ ടെർമിനലിന്റെ നിർമ്മാണം നടക്കുക.
ഒന്നാം ടെർമിനലിന്റെ നവീകരണ പ്രവർത്തനങ്ങൾ 2029 ആകുമ്പോഴേക്കും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നിലവിലുള്ളതിന്റെ ആധുനികവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സമാന്തരമായി ഒരു പുതിയ ടെർമിനൽ നിർമ്മിക്കുന്നതും ഉൾപ്പെടുന്നു. മൂന്ന് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. വിമാനത്താവളം ഉപയോഗപ്പെടുത്തുന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വരാനിരിക്കുന്ന വർദ്ധനവ് കണക്കാക്കിയാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]