കൊച്ചിയിൽ കഞ്ചാവ് കേസിലെ പ്രതിയെ തേടിയെത്തിയ ഇടുക്കിയിൽ നിന്നുള്ള എക്സൈസ് സംഘം മേൽവിലാസം മാറി മറ്റൊരു വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. തങ്ങൾക്ക് ഉണ്ടായ മാനനഷ്ടത്തിനും നാശനഷ്ടങ്ങൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയെയും ഉന്നത അധികാരികളെയും സമീപിക്കുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കെ.
അൻഷാദ് വ്യക്തമാക്കി. ‘‘അവരോട് ഞാൻ മാന്യമായാണു സംസാരിച്ചത്.
അപ്പോൾ മതി, മതി നിർത്തിക്കോ കുറെയായി എന്നു പറഞ്ഞ് ലാത്തി എടുത്തു വരികയാണ് ഒരാൾ ചെയ്തത്. അവർ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ പാടില്ല.
തെമ്മാടിത്തരം കണ്ടിട്ടു മിണ്ടാതെ അത് കേട്ടിരിക്കണമെങ്കിൽ എന്റെ ഭാര്യയുടെ മുന്നിൽ പോലും ഞാൻ മോശക്കാരനാകില്ലേ. അവൾ അത്രയും പേടിച്ചിട്ടാണുണ്ടായിരുന്നത്, എന്നെ വിളിക്കുമ്പോൾ ടെൻഷൻ ആയിട്ടു ശ്വാസംമുട്ടുന്നുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞ് രണ്ടു മാസമേ ആയുള്ളൂ ഇവിടെ താമസിക്കാൻ വന്നിട്ട്. അവളുടെ മാതാപിതാക്കൾ എന്റെ കയ്യിൽ വിശ്വസിച്ചേൽപ്പിച്ചതാണ്.
അവരുടെ മകൾക്ക് ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ കാരണമുണ്ടായി എന്ന വർത്തമാനം വരുന്നതു പോലും നാണക്കേടാണ്. പരിസരവാസികളൊക്കെ എന്താണ് കരുതുക? സമാധാനമായി ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നവരാണ് ഞങ്ങൾ.
അതുകൊണ്ടു നിയമപരമായി തന്നെ നീങ്ങാനാണു തീരുമാനം. ഞങ്ങൾക്കുണ്ടായ മാനനഷ്ടത്തിനും നാശനഷ്ടത്തിനും പരിഹാരമുണ്ടായേ തീരൂ’’ – അൻഷാദ് പറഞ്ഞു.
ഫോർട്ട്കൊച്ചിയിൽ വാടകയ്ക്കു താമസിക്കുന്ന മലപ്പുറം സ്വദേശികളായ ദമ്പതികൾക്കു നേരെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായത്. അന്വേഷിച്ചെത്തിയ പ്രതിയുടെ വീടല്ലെന്നു ബോധ്യപ്പെട്ടിട്ടും മാപ്പു പറയാൻ പോലും ഉദ്യോഗസ്ഥർ തയാറായില്ലെന്ന് അൻഷാദ് കൂട്ടിച്ചേർത്തു.
ഫോർട്ട്കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ കിച്ചൻ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് അദ്ദേഹം. എക്സൈസ് സംഘം ഭീഷണിയുമായി നിന്നപ്പോൾ പൊലീസിനെ സമീപിച്ചെങ്കിലും തങ്ങൾക്കു പരിമിതിയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ഇതു ചോദ്യം ചെയ്തപ്പോൾ പരാതി സ്വീകരിച്ച് രസീത് നൽകുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ് ഒന്നര വർഷത്തോളം ബെഡ് റെസ്റ്റിൽ കഴിയേണ്ടി വന്നയാളാണു താനെന്നും, അതിനാൽത്തന്നെ വലിയ കേസുകളുമായി മുന്നോട്ടു പോകാനുള്ള സാമ്പത്തിക സ്ഥിതിയിലല്ലെന്നും അൻഷാദ് പറയുന്നു.
എന്നാൽ സ്വന്തം ഭാര്യയ്ക്കുണ്ടായ ഈ ദുരവസ്ഥ നാളെ മറ്റൊരാൾക്കും ഉണ്ടാകരുതെന്നും ഇത്തരം തോന്ന്യാസങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ഈ വിവാദ സംഭവം അരങ്ങേറിയത്.
ഇടുക്കിയിൽനിന്നെത്തിയ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള നാലംഗ എക്സൈസ് സംഘത്തിന് തങ്ങൾ അന്വേഷിച്ചെത്തിയ പ്രതിയുടെ വിലാസം കൃത്യമായി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഗൂഗിൾ മാപ്പിന്റെ ഒരു പ്രിന്റ് ഔട്ട് മാത്രമായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ വഴിയിൽ കണ്ട യാത്രികരോട് വഴി ചോദിച്ച് ഇവർ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ എത്തുകയായിരുന്നു.
തുടർന്ന് മതില് ചാടിക്കടന്ന ഉദ്യോഗസ്ഥർ വീടിന്റെ വാതിലിലും ജനലിലും ശക്തമായി ഇടിക്കുകയും ലൈറ്റ് തെളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവസമയത്ത് അൻഷാദിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പെട്ടെന്നുള്ള അതിക്രമത്തിൽ ഭയന്നുപോയ യുവതി ഉച്ചത്തിൽ നിലവിളിച്ചു. ആരാണെന്ന് അന്വേഷിച്ചെങ്കിലും വിവരം പറയാൻ തയാറാകാതിരുന്ന സംഘം, വാതിൽ തുറന്നില്ലെങ്കിൽ പൊളിച്ചു അകത്തു കയറുമെന്ന് ഭീഷണിപ്പെടുത്തി.
ഉടൻ തന്നെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബഹളം കേട്ട് സമീപവാസികളും വീട്ടുടമയും സ്ഥലത്തെത്തിയപ്പോഴാണ് എക്സൈസിനു വീടുമാറിപ്പോയ വിവരം വ്യക്തമായത്.
ഇവർ അന്വേഷിച്ചെത്തിയ ഷിറാസ് എന്ന പ്രതി അടുത്തുള്ള മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്ന് പിന്നീട് മനസ്സിലായി. സ്ഥലത്തെത്തിയ അൻഷാദ് എക്സൈസ് സംഘത്തെ ചോദ്യം ചെയ്തെങ്കിലും മാപ്പു പറയാൻ പോലും അവർ തയാറായില്ല.
തങ്ങൾക്ക് വീടുമാറിപ്പോയതാണെന്ന നിസ്സാര മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. തുടർന്ന് മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതോടെ ഫോർട്ട് കൊച്ചി പോലീസ് ബന്ധപ്പെടുകയും അൻഷാദ് സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തു.
എന്നാൽ പ്രശ്നം പറഞ്ഞു തീർത്തുകൂടേ എന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് കൃത്യമായ പരിഹാരം കാണണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

