ഡൽഹിക്ക് സമീപം വസുന്ധരയിൽ നടന്ന ഞെട്ടിക്കുന്ന വധശ്രമക്കേസിൽ ഭാര്യയും കാമുകനായ ജിം ട്രെയിനറും അറസ്റ്റിൽ. ഒക്ടോബർ 26ന് പുലർച്ചെയാണ് ഇന്ദിരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വസുന്ധര സെക്ടർ 1 ലെ ജാഗൃതി റസിഡന്റ് വെൽഫെയർ അസോസിയേഷൻ സൊസൈറ്റിയിൽ വെച്ച് ശശാങ്ക് കാന്താരിയയ്ക്ക് വീട്ടിനുള്ളിൽ വെച്ച് ക്രൂരമായി കുത്തേറ്റത്.
ഒക്ടോബർ 26ന് രാവിലെ ഭാര്യ പ്രിയ ശർമ്മ ജിമ്മിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെയായിരുന്നു ഭർത്താവായ ശശാങ്കിന് നേരെ ആക്രമണമുണ്ടായത്. പൊലീസിന്റെ ഔദ്യോഗിക വിവരപ്രകാരം, പ്രതാപ് സിങ് എന്നയാൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി ശശാങ്കിനെ പലതവണ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ശശാങ്ക് സഹായത്തിനായി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം ശശാങ്കിനെ യശോദ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ അദ്ദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ത്സാൻസിയിലെ പുരാനി പസാരത് സ്വദേശിയായ ശശാങ്ക് നാല് വർഷം മുമ്പാണ് പ്രിയയെ വിവാഹം കഴിച്ചത്.
പ്രിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഡൽഹിയിൽ സീനിയർ അക്കൗണ്ടന്റുമാരായി ജോലി നോക്കി വരികയായിരുന്നു ഇരുവരും.
ഫിറ്റ്നസ് ഹെഡ്ക്വാർട്ടേഴ്സ് ജിമ്മിലെ ട്രെയിനറാണ് അറസ്റ്റിലായ പ്രതാപ് സിങ്. കഴിഞ്ഞ ഏഴെട്ട് മാസമായി പ്രിയ ഈ ജിമ്മിൽ സ്ഥിരമായി പോയിരുന്നു.
ഈ അടുപ്പമാണ് പിന്നീട് പ്രണയത്തിൽ കലാശിച്ചതും ഇരുവരും വാട്സാപ്പിലൂടെ നിരന്തരം ബന്ധപ്പെടാൻ കാരണമായതുമെന്ന് പൊലീസ് കണ്ടെത്തി. തങ്ങൾ ഭാവിയിൽ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതാപ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് യാദൃശ്ചികമായി വിവരമറിഞ്ഞ ശശാങ്ക്, ദീപാവലിക്ക് ശേഷം മറ്റൊരു സ്ഥലത്തേക്ക് താമസം മാറാൻ തയ്യാറെടുത്തിരുന്നു. ഇതാണ് ശശാങ്കിനെ ഇല്ലായ്മ ചെയ്യാൻ ഇവരെ പ്രേരിപ്പിച്ച പ്രധാന കാരണം.
ഒക്ടോബർ 25ന് രാവിലെ ഒരുമിച്ച് ഓടാൻ പോയ സമയത്താണ് ശശാങ്കിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഇവർ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പിറ്റേന്ന് രാവിലെ പ്രതാപ് കത്തിയുമായി പ്രിയയുടെ വീട്ടിലെത്തുകയായിരുന്നു.
പ്രിയ വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്യാതെ തുറന്നിട്ടിരുന്നതിനാൽ പ്രതിക്ക് യാതൊരു തടസ്സവുമില്ലാതെ അകത്തുകയറി ശശാങ്കിനെ ആക്രമിക്കാൻ സാധിച്ചു. കൃത്യം നടക്കുന്നതിന്റെ തലേദിവസം രാത്രിയും പ്രിയയും പ്രതാപും വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ചതായി പൊലീസ് ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
പ്രിയയുടെ കൃത്യമായ ആവശ്യപ്രകാരമാണ് പ്രതാപ് ശശാങ്കിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പലപ്പോഴും സുഖമില്ലെന്ന് പറഞ്ഞ് പ്രിയ വീട്ടിലിരിക്കാറുണ്ടായിരുന്നുവെന്നും ശശാങ്ക് ഓഫിസിലേക്ക് പോയതിനു ശേഷം പ്രതാപിനെ ഇവർ വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ശശാങ്കിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും. പ്രതാപ് സിങ്, പ്രിയ ശർമ്മ എന്നിവർക്കെതിരെ വധശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആക്രമണത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

