ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിനുശേഷം വേദിയടക്കം ‘ശുദ്ധീകരണം’ നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നും കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊട്ടുകൂടായ്മയുടെ മറ്റൊരു ഭാവമാണിതെന്നും ഭരണഘടനാ ലംഘനമാണെന്നും വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെയ്ക്ക് നീതി ലഭിക്കണമെന്നും കൂട്ടിച്ചേർത്തു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനിൽ കോൺഗ്രസ് നേതാവ് ക്ഷേത്രസന്ദർശനം നടത്തിയതിനു പിന്നാലെ ബിജെപി നേതാക്കളെത്തി ശുദ്ധീകരണം നടത്തിയ സംഭവവും രാഹുൽ ചൂണ്ടിക്കാണിച്ചു. ജീവിതകാലം മുഴുവൻ രാജ്യത്തിനും ഭരണഘടനയ്ക്കുമായി മാറ്റിവെച്ച മല്ലികാർജുൻ ഖർഗെ പ്രസംഗിച്ച വേദിയിലും സമാനമായ രീതിയിൽ ശുദ്ധീകരണ ചടങ്ങുകൾ അരങ്ങേറി.
ഇതിനു പിന്നിൽ ബിജെപിയും ആർഎസ്എസും ആണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് നിലവിൽ ഭരണഘടനയുടെയും ബിജെപി-ആർഎസ്എസ് ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.
‘‘രാജ്യത്ത് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടം നടക്കുന്നു. ഒരു വശത്ത് ഇന്ത്യൻ ഭരണഘടന, അംബേദ്കർ, ഗാന്ധി, ജവാഹർലാൽ നെഹ്റു, സർദാർ പട്ടേൽ എന്നിവരുടെ ഭരണഘടന.
മറുവശത്ത് ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രം. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയം ഈ രണ്ട് പ്രത്യയശാസ്ത്രങ്ങൾക്കിടയിലാണ്’’ – മാധ്യമങ്ങളോട് രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഭരണഘടനാപരമായ സംരക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും രാജ്യത്ത് ദലിത് വിഭാഗങ്ങൾ ഇന്നും വിവേചനം നേരിടുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളിൽ ശുചിമുറികൾ വൃത്തിയാക്കാൻ ദലിത് കുട്ടികളെ നിർബന്ധിക്കുന്ന അവസ്ഥ ഇപ്പോഴുമുണ്ട്.
കുടിവെള്ളം ഉപയോഗിക്കുന്ന കാര്യത്തിലും വിവേചനം തുടരുന്നു. പൊതുക്കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ അനുവാദമില്ലാത്തതിനാൽ ദലിതർക്ക് സ്വന്തമായി കിണർ കുഴിക്കേണ്ടി വരുന്ന സാഹചര്യം പോലുമുണ്ട്.
ചായക്കടകളിൽ പോലും ജാതിയുടെ പേരിൽ വിവേചനം നിലനിൽക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

