കഠ്മണ്ഡു നഗരത്തിൽ ബുധനാഴ്ചയുണ്ടായ രൂക്ഷമായ മിന്നൽ പ്രളയത്തിനിടയിലും തകരാതെ പിടിച്ചുനിന്ന ഇരുനില വീടും അതിനുള്ളിലെ കുടുംബവും നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രളയജലം പ്രദേശത്തെയാകെ വിഴുങ്ങിയെങ്കിലും, പച്ച നിറം പൂശിയ ഈ കെട്ടിടം മാത്രം യാതൊരു തകർച്ചയും കൂടാതെ ഒറ്റയ്ക്ക് നിലകൊള്ളുകയായിരുന്നു.
ശക്തമായ ഒഴുക്കിൽ വന്നടിഞ്ഞ കനത്ത ചെളി കെട്ടിടത്തിന്റെ ചുവരുകളിൽ ശക്തമായി പതിച്ചെങ്കിലും ബലമേറിയ ഘടന കാരണം വീട് വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
പച്ച നിറമുള്ള ഈ വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ പ്രളയജലത്തിന്റെ ഭീതിയിൽ മൂന്നുപേർ നിൽക്കുന്നതാണ് വിഡിയോയിലുള്ളത്. പ്രളയാനന്തരം ഈ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിന് പിന്നാലെ, അവർ സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നു.
വീടിന്റെ ചുമരുകളിൽ വെള്ളം കയറിയതിന്റെ ഉയർന്ന അടയാളങ്ങളും, രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ചുവന്ന തുണി വീശുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രകൃതിക്ഷോഭത്തെയും മലവെള്ളപ്പാച്ചിലിനെയും അതിജീവിച്ച ഈ കെട്ടിടത്തിന്റെ നിർമ്മാണ മികവിനെക്കുറിച്ചാണ് ഇപ്പോൾ സൈബർ ലോകത്തെ പ്രധാന ചർച്ച.
ബുധനാഴ്ച ഉണ്ടായ ഈ അതിശക്തമായ മിന്നൽ പ്രളയത്തിൽ ഏകദേശം രണ്ടായിരത്തോളം ആളുകളെയാണ് കാണാതായിട്ടുള്ളത്. ഇതിൽ ഇന്ത്യയിൽനിന്നുള്ള മുന്നൂറോളം പേരും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പ്രദേശത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

