ക്ഷേത്രനഗരമായ ഗുരുവായൂരിലെത്തുന്ന ഭക്തർക്കും യാത്രക്കാർക്കും മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുന്നതിനു ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബജറ്റ് ഹോട്ടൽ പദ്ധതിയുമായി ദക്ഷിണ റെയിൽവേ രംഗത്ത്. ഒന്നാം നിലയിൽ നിർദിഷ്ട
ഹോട്ടലിനായി കണ്ടെത്തിയ സ്ഥലത്തു നിലവിൽ 9 വിശ്രമ മുറികളും 2 ഡോർമിറ്ററിയുമുണ്ട്. ഇവിടെ താമസ സൗകര്യത്തിനു കൂടുതൽ മുറികൾ നിർമിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചുള്ള ബജറ്റ് ഹോട്ടലാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
ഇതിനായി ത്രീ സ്റ്റാർ സൗകര്യങ്ങളോടെയുള്ള ഹോട്ടൽ നടത്തുന്നതിനു ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ കമേഴ്സ്യൽ വിഭാഗം ഇ ടെൻഡർ ക്ഷണിച്ചു. അധികമായി പതിനഞ്ചോളം മുറികൾ നിർമിക്കാനുള്ള സ്ഥലമുണ്ടെന്നാണു വിലയിരുത്തൽ.
ശുചിമുറിയോടു കൂടിയ താമസ മുറികൾ കൂടാതെ റസ്റ്ററന്റ്, ലോബി, ബാൽക്കണി, കാത്തിരിപ്പ് കേന്ദ്രം, യാത്രാസഹായ ഡെസ്ക്, വർക്ക്/ബിസിനസ് സെന്റർ തുടങ്ങിയ അധിക സൗകര്യങ്ങളും ഒരുക്കാനാണ് പദ്ധതി. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമായതിനാൽ പ്രമുഖ ഹോട്ടൽ ബ്രാൻഡുകളടക്കം ടെൻഡറിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷ.
നവീകരണം, പ്രവർത്തനം, പരിപാലനം, കൈമാറ്റം മാതൃകയിലുള്ള ടെൻഡറുകൾ സെപ്റ്റംബർ 23 വരെ ഓൺലൈനായി സമർപ്പിക്കാം. ബജറ്റ് ഹോട്ടലിൽ നൽകേണ്ട
സൗകര്യ–സേവനങ്ങളുടെ പട്ടികയും ടെൻഡർ ക്ഷണിച്ചുള്ള നോട്ടിസിൽ നൽകിയിട്ടുണ്ട്. തീർഥാടകരെയും യാത്രക്കാരെയും സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബജറ്റ് ഹോട്ടലാണ് ഉയരുക.
പിന്നീട് റീട്ടെയ്ൽ സ്റ്റോറുകൾ, ആയുർവേദ കേന്ദ്രം എന്നിവ നിർമിക്കാനും കരാറുകാർക്ക് അവസരമുണ്ട്. ആദ്യ ഘട്ടത്തിൽ 10 വർഷത്തേക്കാണ് കരാർ.
നടത്തിപ്പു തൃപ്തികരമാണെങ്കിൽ കരാർ ലൈസൻസ് നീട്ടിനൽകും. ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം റെയിൽവേക്കു തന്നെയാകും.
വർഷം മുഴുവനും യാത്രക്കാരുടെ ഗണ്യമായ തിരക്ക് അനുഭവപ്പെടുന്ന സ്റ്റേഷനിൽ തീർഥാടകർക്കും വിനോദ സഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും സുരക്ഷിതവും ശുചിത്വമുള്ളതും ചെലവു കുറഞ്ഞതുമായ താമസസൗകര്യം ഒരുക്കുക എന്നതാണു ബജറ്റ് ഹോട്ടലിന്റെ ലക്ഷ്യം. എസി, നോൺ എസി മുറികൾ (3 കിടക്കകൾ വരെയുള്ളത്), ഫാമിലി മുറികൾ, എസി ഡോർമിറ്ററി, നോൺ എസി ഡോർമിറ്ററി തുടങ്ങിയവയും റസ്റ്ററന്റും ഹോട്ടലിലുണ്ടാകും.
റെയിൽവേക്കു സ്വന്തമായി ഭൂമിയുള്ള ആലപ്പുഴ, മട്ടാഞ്ചേരി സ്റ്റേഷനുകളിലും ബജറ്റ് ഹോട്ടലിന് ആലോചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

