കരിങ്കടൽ മേഖലയിൽ മിസൈൽ, ഡ്രോൺ പ്രഹരങ്ങൾ തുടരുന്നതിനിടയിൽ, യുക്രെയ്നിലെ ചോർണോമോസ്ക് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ ഉൾപ്പെടെ 15 ജീവനക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. എം.വി.
അമിർ1 എന്ന കപ്പലിലാണ് ഇവർ പെട്ടുപോയിരിക്കുന്നത്. അത്യന്തം ഭീതിജനകവും ജീവന് വലിയ രീതിയിൽ ഭീഷണിയുള്ളതുമായ അന്തരീക്ഷത്തിലാണ് നാവികരുള്ളതെന്ന് നാവികരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്എസ്യുഐ) വ്യക്തമാക്കി.
ഏതു സമയത്തും ശത്രുപക്ഷത്തുനിന്ന് ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയിലാണ് കപ്പലിലെ ജീവനക്കാർ കഴിയുന്നതെന്നും സംഘടന കൂട്ടിച്ചേർത്തു. ‘അടിയന്തര അപേക്ഷ, എം.പി.അമിർ1, 13 ഇന്ത്യക്കാരടക്കം 15 നാവികരുമായി യുക്രെയ്നിലെ ചോർണോമോസ്ക് തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്.’ – എഫ്എസ്യുഐ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കപ്പലിന് സമീപത്തായി നിരന്തരമായി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഏതു നിമിഷവും തങ്ങൾ ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണ് നാവികരുള്ളത്.
ബന്ധപ്പെട്ട അധികൃതരും കപ്പൽ ഉടമകളും ഇന്ത്യൻ സർക്കാരും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പോസ്റ്റിൽ അഭ്യർത്ഥിക്കുന്നു.
അതേസമയം, ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയമോ കപ്പൽ കമ്പനിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. യുക്രെയ്ന്റെ തെക്കൻ തീരപ്രദേശങ്ങളിൽ കപ്പലുകൾ ലക്ഷ്യമിട്ട് സമാനമായ രീതിയിലുള്ള ആക്രമണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കരിങ്കടലിലുണ്ടായ കനത്ത ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ യുക്രെയ്ൻ അംബാസഡർ ഒലെക്സാൻഡർ പോളിഷ്ചുക്കിനെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

