അസമിൽ തുടരുന്ന ശക്തമായ മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾക്കും ജനജീവിതം ദുഷ്കരമാകുന്നതിനും കാരണമായി. നിലവിലെ കണക്കുകൾ പ്രകാരം 22,000-ത്തിലധികം ആളുകളാണ് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത്.
ഏകദേശം 96 ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. സംസ്ഥാനത്തെ ആറ് ജില്ലകളെയാണ് കാലവർഷം സാരമായി ബാധിച്ചിരിക്കുന്നത്.
ധേമാജി, നൽബാരി, ദിബ്രുഗഡ്, ചിരാഗ്, ലഖിംപൂർ, കൊക്രാജാർ എന്നീ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. ഇതിൽ ധേമാജി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇവിടെ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് 15,483 പേർക്കാണ് വീടുകൾ വിട്ടുമാറേണ്ടി വന്നത്. കൂടാതെ, ധേമാജിയിൽ റെയിൽവേ പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണത് പ്രദേശത്തെ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്താൻ കാരണമായി.
1,690 ഹെക്ടറോളം കൃഷിഭൂമിയും വെള്ളത്തിനടിയിലായി നശിച്ചു. തുടർച്ചയായ മഴയെത്തുടർന്ന് ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും കരകവിഞ്ഞൊഴുകുകയാണ്.
ശിവസാഗർ ജില്ലയിലെ നംഗ്ലമുരഘട്ടിൽ ദിസാങ് നദി അപകടനിലയ്ക്ക് മുകളിൽ ഉയർന്നാണ് ഒഴുകുന്നത്. ദുരന്തബാധിത മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്നും സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ വ്യക്തമാക്കി. അയൽസംസ്ഥാനമായ അരുണാചൽ പ്രദേശിലും മഴക്കെടുതി അതീവ ഗുരുതരമായി തുടരുന്നു.
മണ്ണിടിച്ചിലിലും ശക്തമായ ഒഴുക്കിലും പെട്ട് അരുണാചലിലെ മരണസംഖ്യ മൂന്നായി ഉയർന്നു. ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.
പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
നിരവധി വീടുകൾക്ക് കനത്ത മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

