
മുൻകൂറായി കൊടുത്ത 150 കോടി അക്കൗണ്ടിലെത്തിയില്ല; ലോക ബാങ്ക് പദ്ധതികളിൽ തിരിച്ചടിയാകുമെന്ന് ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കൃഷി വകുപ്പിന്റെ കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേനൈസേഷന് പ്രോജക്റ്റ്) പദ്ധതി നടപ്പാക്കുന്നതിനായി കൈമാറിയ 150 കോടിയോളം രൂപ ഇതുവരെ പദ്ധതി അക്കൗണ്ടിലേക്കു കൈമാറാത്ത നടപടി ഭാവിയില്‍ ലോക ബാങ്ക് സഹായ പദ്ധതികളില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക. ഇത്തരം പദ്ധതികള്‍ക്കായി ഒരു സംസ്ഥാനത്തും ലോക ബാങ്ക് മുന്‍കൂര്‍ പണം നല്‍കാറില്ല. മാത്രമായാണ് ഇത്രയും തുക മുന്‍കൂര്‍ ആയി അനുവദിച്ചത്. നല്കിയ പണം ഏഴുദിവസത്തിനുള്ളില്‍ പദ്ധതി അക്കൗണ്ടിലേക്കു കൈമാറണമെന്ന കര്‍ശന നിര്‍ദേശമാണ് ലോക ബാങ്ക് മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ ഇതാണ് ലംഘിച്ചത്.
ഇതോടെ ഭാവിയില്‍ ഇത്തരത്തില്‍ മുന്‍കൂര്‍ പണം നല്കുന്ന സൗകര്യം ഉണ്ടാകുമോ എന്നു സംശയമുണ്ടെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. പണം മുഴുവന്‍ ചെലവഴിച്ചതിനു ശേഷം റീഇമ്പേഴ്സ് ചെയ്യുന്ന സംവിധാനമാണെങ്കില്‍ അതു പദ്ധതി നടത്തിപ്പില്‍ കാലതാമസത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാനാണ് 150 കോടിയോളം രൂപ മുന്‍കൂര്‍ ആയി നല്‍കിയത്. മാര്‍ച്ച് 17ന് ലോക ബാങ്ക് നല്കിയ തുകയാണ് ഇതുവരെ കേര ഫണ്ടിലേക്കു നല്‍കാതെ കാലതാമസം വരുത്തിയിരിക്കുന്നത്. ഏഴു ദിവസത്തിനുള്ളില്‍ നല്‍കണമെന്നു നിര്‍ദേശിച്ച 24ന് കൈമാറേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും പണം കേര അക്കൗണ്ടില്‍ എത്തിയിട്ടില്ല. ഇതോടെ പദ്ധതി നടത്തിപ്പിനു വീഴ്ച വരുന്ന നിലയാണുള്ളത്.
ഇത്തരത്തില്‍ സര്‍ക്കാരുകള്‍ പെരുമാറുമെന്ന് കൃത്യമായി അറിയുന്നതു കൊണ്ടാണ് ഏഴു ദിവസത്തിനകം പണം നിശ്ചിത അക്കൗണ്ടിലേക്കു കൈമാറണമെന്ന നിര്‍ദേശം ലോകബാങ്ക് ഉള്‍പ്പെടുത്തിയത്. റീഇമ്പേഴ്സ്മെന്റ് മാത്രമേ അനുവദിക്കൂ എന്നു പറഞ്ഞിരുന്ന ലോകബാങ്കിനെ ഏറെ ശ്രമപ്പെട്ടു ബോധ്യപ്പെടുത്തിയാണ് ഫണ്ട് മുന്‍കൂര്‍ വാങ്ങിയെടുത്തത്. അഡ്വാന്‍സ് ഫണ്ട് കൊടുക്കരുതെന്ന് കേന്ദ്രധനകാര്യ വകുപ്പു നിലപാട് എടുത്തിട്ടും സംസ്ഥാന കൃഷിവകുപ്പിനെ വിശ്വസിച്ച് ലോകബാങ്ക് പണം മുന്‍കൂര്‍ നല്‍കുകയായിരുന്നു. ഇപ്പോള്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിയാതെ ഇതു സംബന്ധിച്ചുള്ള ലോകബാങ്കിന്റെ ചോദ്യത്തിന് എന്തുത്തരം നല്‍കണമെന്ന് അറിയാത്ത നിലയിലാണ് കൃഷിവകുപ്പ്. അടുത്ത ദിവസങ്ങളില്‍ തന്നെ ഫണ്ട് വിട്ടുകിട്ടുമെന്ന പ്രതീക്ഷയാണ് ഉള്ളത്. അതിനു ശേഷം ലോക ബാങ്കിന് മറുപടി നല്‍കാനാണ് വകുപ്പിന്റെ തീരുമാനം. അതേസമയം ഇത്തരം വിഷയങ്ങളില്‍ റിപ്പോര്‍ട്ട് നല്കാന് എല്ലാ സംസ്ഥാനങ്ങളിലും ലോകബാങ്കിന് ഏജന്‍സികളുണ്ട്.
വിഷയത്തില്‍ വിശദീകരണം ആരാഞ്ഞ് ലോകബാങ്ക് ടീം ലീഡര്‍ അസെബ് മെക്നന് കഴിഞ്ഞ ദിവസം കൃഷിവകുപ്പിനു കത്തയച്ചിരുന്നു. എത്രയും വേഗം പണം കേര അക്കൗണ്ടിലേക്കു മാറ്റിയില്ലെങ്കില്‍ കേന്ദ്ര ധനമന്ത്രാലയവുമായി ബന്ധപ്പെടുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്. ലോകബാങ്ക് സംഘം ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ എത്തുന്നുണ്ട്. ഇന്നു സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് വഴി വായ്പയെടുക്കുന്ന പണത്തില്‍നിന്നു കൃഷിവകുപ്പിന്റെ വിഹിതം നല്‍കുമെന്നാണു സൂചന.
2366 കോടി രൂപയുടെ കേര പദ്ധതിയില്‍ 1656 കോടി ലോക ബാങ്ക് സഹായവും 710 കോടി സംസ്ഥാന വിഹിതവുമാണ്. 2024 ഒക്ടോബര്‍ 31നാണ് ലോകബാങ്ക് പദ്ധതി അംഗീകരിച്ചത്. 2025 മാര്‍ച്ച് 17ന് ആദ്യഗഡു കൈമാറി. എന്നാല്‍ ഇത് നിശ്ചിതസമയത്തിനുള്ളില്‍ പദ്ധതി അക്കൗണ്ടലേക്കു മാറ്റാതെ സാമ്പത്തികവര്‍ഷ അവസാനത്തെ ചെലവുകള്‍ക്കായി ധനവകുപ്പ് ഉപയോഗപ്പെടുത്തിയെന്നാണ് ആക്ഷേപം. 5 വര്‍ഷം കാലാവധിയുള്ള പദ്ധതി ഫെബ്രുവരി മൂന്നിനാണ് പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നത്. തുക വകമാറ്റിയതോടെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് സഹായം ലഭിക്കേണ്ട പദ്ധതി പ്രതിസന്ധിലായെന്ന ആക്ഷേപമാണ് ഉയരുന്നത്.