കുളത്തൂർ∙ കാടു കയറിയ മൂന്നു പതിറ്റാണ്ടിന്റെ ഭൂതകാലം ചിറക്കുളത്തിനു ഇനി ഒാർമ മാത്രം. പതിനഞ്ച് ലക്ഷം രൂപ ചെലവിൽ രണ്ടര ഏക്കർ വിസ്തൃതിയുള്ള കുളത്തിലെ കാടും പടർപ്പും പായലും മാറ്റിയതോടെ ചിറക്കുളം വീണ്ടും പഴയ പ്രതാപത്തിലേക്കു ഒാളം വെട്ടി തുടങ്ങി.
കുളത്തൂർ പഞ്ചായത്തിലെ അരുവല്ലൂർ വാർഡിൽ പെട്ട കുളത്തിന്റെ ദുരവസ്ഥ മാറ്റാൻ പഞ്ചായത്ത് ഫണ്ടിൽ പതിനഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പണി ആരംഭിച്ചത്.
വർഷങ്ങളായി കാടും പടർപ്പും നിറഞ്ഞ് ഇഴജന്തുക്കളുടെ കേന്ദ്രമായിരുന്ന കുളം നവീകരണം കരാറുകാർക്കും തൊഴിലാളികൾക്കും കനത്ത വെല്ലുവിളി. പേടി മാറ്റാൻ തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് വരെ എടുത്തിരുന്നു.
കുളം നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ നേരിട്ട
തടസ്സങ്ങൾ പഞ്ചായത്ത് ഭരണസമിതിയും വാർഡ് അംഗവും ഏറ്റെടുത്തതോടെ വെള്ളം തുറന്നു വിടുന്നതിനും മാലിന്യം നിക്ഷേപിക്കുന്നതിനും നേരിട്ട പ്രതിസന്ധി ഒഴിഞ്ഞു.
നിലവിൽ പടിക്കെട്ട് നിർമാണം, നടപ്പാത തുടങ്ങിയവ ഒരുക്കിയാൽ പ്രാദേശിക വിനോദസഞ്ചാര ഇടങ്ങളിൽ ചിറക്കുളവും ഇടം പിടിക്കും. ഒാണത്തിനു ബോട്ടിങ്ങും ദീപാലങ്കാരങ്ങളും ഒരുക്കി സഞ്ചാരികളെ ആകർഷിക്കാനും പഞ്ചായത്ത് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
പായൽ കയറി കുളം മലിനമാകുന്നത് തടയാൻ മൂവായിരം മത്സ്യങ്ങളെ കുളത്തിൽ നിക്ഷേപിച്ചിട്ടുണ്ട്.
കുളത്തിൽ നിലവിലുള്ള ആഴം കുറഞ്ഞ ഭാഗത്ത് നീന്തൽ പരിശീലനത്തിനു ഉള്ള സംവിധാനം ഒരുക്കുന്നതിനും ശ്രമം തുടങ്ങി. ചിറക്കുളം നൽകിയ ഉൗർജം പഞ്ചായത്തിലെ കാടുകയറിയ കുളങ്ങളുടെ നവീകരണത്തിനു പദ്ധതി തയാറാക്കാനുള്ള നീക്കത്തിൽ ആണ് പഞ്ചായത്ത് അധികൃതർ.
21 വാർഡുള്ള പഞ്ചായത്തിൽ 33 കുളങ്ങൾ നിലവിൽ ഉണ്ടെങ്കിലും ഭൂരിഭാഗവും അറ്റകുറ്റപ്പണികളുടെ അഭാവം മൂലം പായൽ മൂടിയിട്ടു വർഷങ്ങൾ കഴിഞ്ഞു. നവീകരണത്തിനു കോടികളുടെ ഫണ്ട് ലഭിക്കാൻ കാത്ത് നിൽക്കാതെ സ്വന്തം പദ്ധതി നടപ്പാക്കിയതാണ് ചിറക്കുളത്തിന്റെ തലവര മാറ്റിയത്.
പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുക്കാതെ പ്രാദേശിക പദ്ധതികൾ നടപ്പാക്കിയാൽ കുളങ്ങളുടെ ഉയിർത്തെഴുന്നേൽപിലും കാർഷിക മേഖലയ്ക്കു ജലലഭ്യത ഉറപ്പാക്കാനും കഴിയും എന്ന സന്ദേശവും ചിറക്കുളം വീണ്ടെടുക്കലിൽ കൂടെ ഉയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

