
‘കേന്ദ്ര സർക്കാർ ശത്രുവിനോട് എന്ന പോലെ പെരുമാറി; സംസ്ഥാന വിരുദ്ധ നിലപാടുകളെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ അടുത്ത കേരള പിറവിയിൽ സംസ്ഥാനത്ത് ഒരു കുടുംബം പോലും അതിദരിദ്രാവസ്ഥയിൽ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി . അടുത്ത നവംബർ ഒന്നിന് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മറ്റൊരു സംസ്ഥാനത്തും ഇതുപോലുള്ള പദ്ധതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം വാർഷികത്തോട് അനുബന്ധിച്ചു കോട്ടയത്തെ പ്രമുഖരുമായി നടത്തിയ മുഖാമുഖം പരിപാടിയിലും മഹായോഗത്തിലും ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ടത് നിഷേധിക്കുന്ന നയമാണു കേന്ദ്രത്തിന്റേതെന്നും ദുരന്തങ്ങളിൽ പോലും സഹായിക്കാതെ ശത്രുതാ മനോഭാവമാണ് കാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘ക്രമസമാധാനം ഇവിടെ ഭദ്രമാണ്. ക്ഷേമ പെൻഷൻ 600ൽ നിന്ന് 1600 ആക്കി. 60 ലക്ഷം പേർക്ക് ഇത് വിതരണം ചെയ്യുന്നു. 4.5 ലക്ഷം പേർക്ക് ലൈഫ് മിഷൻ വീടുകൾ നിർമിച്ചു നൽകി. ഐ.ടി രംഗത്തും വൻ കുതിപ്പിലാണ് സംസ്ഥാനം. 2016ൽ 640 കമ്പനികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 1106 കമ്പനികളുണ്ട്. 78,068 പേർ ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 1.48 ലക്ഷം പേർ ജോലി ചെയ്യുന്നു. 34,123 കോടി രൂപയുടെ കയറ്റുമതിയാണ് ഈ രംഗത്തുണ്ടായിരുന്നത്. ഇപ്പോഴത് 90,000 കോടി രൂപയുടേതായി. 300 സ്റ്റാർട്ടപ്പുകളിൽ നിന്ന് 6300 ആയി.അടുത്തവർഷം 15000 സ്റ്റാർട്ടപ്പുകളാകും. രാജ്യത്ത് ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും തുടങ്ങാനായി. മൂന്നു സയൻസ് പാർക്കുകൾ കൂടി സംസ്ഥാനത്ത് ആരംഭിക്കും. 600 കോടിയുടെ നിക്ഷേപം ഈ രംഗത്തുണ്ടാകും. കേരളം ആധുനിക വിജ്ഞാനോൽപാദന സംസ്ഥാനമാകും. വ്യാവസായിക വളർച്ച 12ൽ നിന്ന് 17% ആയി. നിർമാണ രംഗത്ത് 9.8% വളർച്ചയായിരുന്നത് 14% ആയി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് മൂന്നരലക്ഷം സംരംഭങ്ങൾ ഉണ്ടായി. 23000 കോടി രൂപയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിൽ അവസരവും സൃഷ്ടിക്കാനായി. പൊതു കടവും ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതം 36% ആയിരുന്നത് 34% ആക്കാനായി. തനതു വരുമാനം 26% ൽ നിന്ന് 73% ആയി. കാർഷിക രംഗത്തെ വളർച്ച 2% ൽ നിന്ന് 4.64% ആയി. സാമ്പത്തികമായി വലിയ പ്രയാസത്തിലാണെന്ന വസ്തുത വിരുദ്ധ പ്രചാരണം നടത്താനാണു ശ്രമം.’’ – മുഖ്യമന്ത്രി പറഞ്ഞു.
‘‘കേന്ദ്രസർക്കാരിന്റെ സംസ്ഥാന വിരുദ്ധ നിലപാടുകളെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം പിന്തുണയ്ക്കുന്നു. 2016ൽ ആകെ നിരാശയുടെ ഘട്ടത്തിൽ നിന്നാണ് എൽഡിഎഫ് അധികാരത്തിൽ എത്തുന്നത്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇപ്പോൾ കാണുന്ന വികസനം സാധ്യമാകുമോ. നവകേരളം എന്നതു സങ്കൽപമായല്ല, ഈ വർത്തമാന കാലത്ത് യാഥാർഥ്യമാക്കേണ്ട ഒന്നാണ്. അതിന് എല്ലാവരുടെയും സഹകരണമുണ്ടാകണം. പ്രകടന പത്രിക അവതരിപ്പിക്കുകയും അതിലെ വാഗ്ദാനങ്ങൾ അവലോകനം ചെയ്യുകയും അതു പാലിക്കുകയും ചെയ്ത സർക്കാരാണ് എൽഡിഎഫിന്റേത്. വോട്ട് എങ്ങനെയും സംഘടിപ്പിക്കാനുള്ള വെറും വാഗ്ദാനമല്ല, ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇതു വഴി കാണിക്കുന്നത്. ആദ്യത്തെ അഞ്ചും ഇപ്പോഴത്തെ നാലും ചേർത്ത് 9 വർഷമായി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നു. പ്രകടന പത്രികയ്ക്ക് പുറത്തുള്ള കാര്യങ്ങളും ഏറ്റെടുത്തു ചെയ്യേണ്ടി വന്നു. ഓഖി, നിപ്പ, മഹാപ്രളയം, കാലവർഷക്കെടുതി, കോവിഡ്, അവസാനം മുണ്ടക്കൈ– ചൂരൽമല ദുരന്തം തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ നേരിടേണ്ടി വന്നു. ഈ ഘട്ടത്തിൽ സഹായിക്കേണ്ട കേന്ദ്ര സർക്കാർ ശത്രുവിനോട് എന്ന പോലെയാണു പെരുമാറിയത്. രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന എന്തെങ്കിലും ചെയ്ത സംസ്ഥാനമാണോ കേരളം. രാജ്യത്തിന്റെ അഭിമാനമുയർത്തിയ സംസ്ഥാനമാണു കേരളം. പതനത്തിൽ നിന്ന് നമ്മുടെ സംസ്ഥാനം അതിജീവിച്ചതു പിന്നീട് ലോകം കണ്ടു. ഐക്യവും ഒരുമയുമാണ് നമ്മളുടെ പ്രത്യേകത.’’ – മുഖ്യമന്ത്രി പറഞ്ഞു.