തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐ.എഫ്.എഫ്.കെ) 2025 ഡിസംബർ 12-ന് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങോടെയാണ് ലോക സിനിമാ മാമാങ്കത്തിന് തുടക്കമാവുക.
ഡിസംബർ 19 വരെ നീളുന്ന എട്ടുദിവസത്തെ മേളയിൽ, 70 രാജ്യങ്ങളിൽ നിന്നുള്ള 200-ൽ അധികം സിനിമകൾ പ്രദർശിപ്പിക്കും. മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായി ഇത്തവണ മുപ്പതോളം അധിക ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുതായി ഒരു തിയേറ്റർ കൂടി ഉൾപ്പെടെ 16 വേദികളിലായാണ് പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം 30-ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം കനേഡിയൻ ചലച്ചിത്ര പ്രവർത്തക കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും.
അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സിനിമയെ സാമൂഹിക മാറ്റത്തിനുള്ള ശക്തമായ മാധ്യമമായി ഉപയോഗിക്കുന്ന വനിതാ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്നതിനായി 26-ാമത് ഐ.എഫ്.എഫ്.കെ മുതലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
കുർദിഷ് സംവിധായിക ലിസ കലാനായിരുന്നു പ്രഥമ പുരസ്കാര ജേതാവ്. ഇറാനിയൻ ഭരണകൂടത്തിന്റെ പീഡനങ്ങൾക്കിടയിലും സിനിമാ പ്രവർത്തനം തുടരുന്ന മഹ്നാസ് മുഹമ്മദി, കെനിയൻ സംവിധായിക വനൂരി കഹിയു, ഇന്ത്യൻ സംവിധായിക പായൽ കപാഡിയ എന്നിവരാണ് മുൻ വർഷങ്ങളിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് അർഹരായത്.
വംശീയ വിവേചനങ്ങൾക്കെതിരെ സിനിമയിലൂടെ ശക്തമായി പ്രതികരിക്കുന്ന കെല്ലി ഫൈഫ് മാർഷലിന്റെ ‘ബ്ലാക്ക് ബോഡീസ്’ (2020) എന്ന ഹ്രസ്വചിത്രം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രഥമ ചേഞ്ച്മേക്കർ അവാർഡ് നേടിയിരുന്നു. കറുത്ത വർഗക്കാരുടെ ജീവിതാനുഭവങ്ങൾ പ്രമേയമാക്കിയ ‘ഹെവൻ’ (2018) എന്ന ചിത്രത്തിലൂടെയാണ് അവർ ശ്രദ്ധേയയാകുന്നത്.
കലയിലൂടെ കറുത്ത വർഗക്കാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘മേക്ക് റിപ്പിൾസ്’ എന്ന സന്നദ്ധ സംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി. ടെലിവിഷൻ, പരസ്യചിത്ര രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച കെല്ലിയുടെ ‘ബ്ലാക്ക് എലിവേഷൻ മാപ്പ്’ എന്ന പ്രചാരണ ചിത്രം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
2025-ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് അവരുടെ ‘ഡീമൺസ്’ എന്ന ഹ്രസ്വചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. കരീബിയൻ പ്രവാസി ജീവിതവും സ്വന്തം ജനതയുടെ അതിജീവനവും സ്നേഹവുമാണ് കെല്ലിയുടെ സിനിമകളിലെ പ്രധാന പ്രമേയങ്ങൾ.
മേളയിലെ പ്രധാന ആകർഷണങ്ങൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 ചിത്രങ്ങളും ‘മലയാള സിനിമ റ്റുഡേ’ വിഭാഗത്തിൽ 12 ചിത്രങ്ങളും ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ അറുപതിലധികം സിനിമകൾ പ്രേക്ഷകരിലേക്കെത്തും.
കൂടാതെ, കലൈഡോസ്കോപ്പ്, ഫീമെയിൽ ഫോക്കസ്, മിഡ്നൈറ്റ് സിനിമ, റെസ്റ്റോർഡ് ക്ലാസിക്സ് എന്നീ പ്രത്യേക വിഭാഗങ്ങളിലും സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഖ്യാത ബംഗാളി സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നാല് പ്രധാന ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഇന്ത്യൻ സിനിമയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ സംവിധായകൻ ഷാജി എൻ. കരുൺ, തിരക്കഥാകൃത്തും സംവിധായകനുമായ എം.ടി.
വാസുദേവൻ നായർ എന്നിവർക്ക് ആദരമർപ്പിക്കുന്ന ‘ഹോമേജ്’ വിഭാഗത്തിൽ ഇരുവരുടെയും രണ്ട് ശ്രദ്ധേയമായ ചിത്രങ്ങൾ വീതം പ്രദർശിപ്പിക്കും. കൺട്രി ഫോക്കസ്: വിയറ്റ്നാം വിയറ്റ്നാം യുദ്ധത്തിന്റെ അൻപതാം വാർഷികം പ്രമാണിച്ച് കൺട്രി ഫോക്കസ് വിഭാഗത്തിൽ വിയറ്റ്നാമിൽ നിന്നുള്ള അഞ്ച് ചിത്രങ്ങൾ പ്രദർശനത്തിനെത്തും.
റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയുടെ മൂന്ന് സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മേളയിൽ 13,000-ത്തിൽ അധികം ഡെലിഗേറ്റുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
200-ഓളം ചലച്ചിത്ര പ്രവർത്തകർ അതിഥികളായി എത്തും. തിരഞ്ഞെടുക്കപ്പെട്ട
സിനിമകളുടെ അണിയറ പ്രവർത്തകർ, ഒഫീഷ്യലുകൾ, അതിഥികൾ, സ്പോൺസർമാർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ ഏകദേശം 15,000 പേർ മുപ്പതാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമാകും. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മൂന്ന് പ്രധാന എക്സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.
മേളയുടെ മൂന്ന് പതിറ്റാണ്ടിലെ ചരിത്രം പറയുന്ന ‘ഐ.എഫ്.എഫ്.കെ എക്സ്പീരിയൻഷ്യ’, ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് വകുപ്പുമായി സഹകരിച്ച് നടത്തുന്ന പ്രത്യേക എക്സിബിഷൻ എന്നിവ പ്രധാന വേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് ഒരുക്കും. അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ലൊക്കേഷൻ സ്കെച്ചുകളുടെ പ്രദർശനം ന്യൂ തിയേറ്റർ പരിസരത്ത് നടക്കും.
കേരള ലളിതകലാ അക്കാദമിയുടെയും ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ഈ പ്രദർശനം. ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം എന്നിവയും മേളയോടനുബന്ധിച്ചുണ്ടാകും.
നഗരത്തിലെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയിൽ വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. പുരസ്കാരങ്ങൾ ഡിസംബർ 19-ന് നിശാഗന്ധിയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയാണ് പുരസ്കാരത്തുക. മികച്ച സംവിധായകനുള്ള രജത ചകോരത്തിന് നാല് ലക്ഷം രൂപയും മികച്ച നവാഗത സംവിധായകനുള്ള രജത ചകോരത്തിന് മൂന്ന് ലക്ഷം രൂപയും സമ്മാനിക്കും.
പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ട് ലക്ഷം രൂപയും ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് കെ.ആർ. മോഹനൻ എൻഡോവ്മെന്റ് അവാർഡായി ഒരു ലക്ഷം രൂപയും ലഭിക്കും.
ഫിപ്രസി, നെറ്റ്പാക് പുരസ്കാരങ്ങളും ഇതേ വേദിയിൽ സമ്മാനിക്കും. ഐ.എഫ്.എഫ്.കെ: നാൾവഴികൾ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) നേതൃത്വത്തിൽ 1994 ഡിസംബർ 17 മുതൽ 23 വരെ കോഴിക്കോട് വെച്ചായിരുന്നു പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.
1995 നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടന്ന രണ്ടാമത് മേളയിലാണ് ആദ്യമായി വിദേശ പ്രതിനിധികൾ പങ്കെടുത്തത്. 1998-ൽ നടന്ന മൂന്നാമത് മേള വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
1999-ൽ കൊച്ചിയിൽ നടന്ന നാലാമത് മേളയോടെയാണ് ഐ.എഫ്.എഫ്.കെയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ (FIAPF) അംഗീകാരം ലഭിക്കുന്നത്. മത്സരവിഭാഗം ആരംഭിച്ചതും ഈ മേളയിലായിരുന്നു.
2000-ൽ കോഴിക്കോട്ട് നടന്ന അഞ്ചാമത് മേളയ്ക്ക് ശേഷം തിരുവനന്തപുരം ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദിയായി മാറി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 25-ാമത് മേള തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായാണ് സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

