കോഴിക്കോട് വടകര പയ്യോളിയിലെ പോക്സോ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടി. സി ഐ ബാബുമോൻ, സി പി ഒ അബ്ദുൾ ഹമീദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പ്രതിയായ അബ്ദുൽ റഫീഖിനെ കൃത്യസമയത്ത് അറസ്റ്റ് ചെയ്യാത്തതിലും പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചതിലും പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനെത്തുടർന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പത്തുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് 13 കാരി താൻ നേരിട്ട
ക്രൂര പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ വടകര സ്വദേശി അബ്ദുൽ റഫീഖ് വീട്ടിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തിയും മർദ്ദിച്ചുമായിരുന്നു രണ്ടുവർഷത്തോളം കുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് വടകര സ്വദേശി റഫീഖ്, കുട്ടിയുടെ മാതാവ് എന്നിവരെ പ്രതിചേർത്ത് പയ്യോളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
എന്നാൽ പൊലീസ് പിടികൂടും മുമ്പ് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്ത പൊലീസ് റഫീഖിനായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
ഇതിനിടെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് അറിഞ്ഞ പ്രതി, കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തി കോടതിയിൽ നിന്നും ജാമ്യം നേടി. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതിലും പൊലീസ് നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനു മുന്നിലും പയ്യോളി പൊലീസ് സ്റ്റേഷനിലും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതിയുടെ മകന്റെ വിവാഹചടങ്ങുകൾ നടക്കുന്ന ദിവസവും നാട്ടുകാർ പ്രതിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

