പ്രേക്ഷകർക്ക് ദൃശ്യവിസ്മയമൊരുക്കി ‘ലോക ചാപ്റ്റർ 1 ചന്ദ്ര’ തിയേറ്ററുകളിൽ അഞ്ചാം വാരവും വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രത്തിൻ്റെ വിജയത്തോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്തുവിട്ട
പുതിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ‘മൂപ്പര് പറഞ്ഞു, ‘ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പോസ്റ്റർ.
കല്യാണി, നസ്ലെൻ, ചന്തു, നൈജിൽ എന്നിവരെ പോസ്റ്ററിൽ കാണാം. കള്ളിയങ്കാട്ട് നീലി എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തിയത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രം, അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിൻ്റെ തുടക്കം കൂടിയാണ്. ബോക്സ് ഓഫീസിൽ നിന്നും 280 കോടിയിലധികം കളക്ഷൻ നേടിയ ‘ലോക’, ഇന്ത്യൻ സിനിമയിൽ ഒരു നായികാകേന്ദ്രീകൃത ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും വലിയ വിജയമെന്ന റെക്കോർഡും സ്വന്തമാക്കി.
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവർക്കൊപ്പം വൻ താരനിര അണിനിരക്കുന്നു. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ അതിഥി വേഷങ്ങളും ചിത്രത്തിൻ്റെ മാറ്റുകൂട്ടി.
ഒന്നാം ഭാഗം വൻവിജയമായി മുന്നേറുമ്പോൾ തന്നെ ചിത്രത്തിൻ്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ‘ചാത്തൻ’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും ‘ലോക ചാപ്റ്റർ 2’ എത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

