വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാൻ ധന ബില്ലിൽ ഉൾപ്പെടുത്തിയ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്. ധന ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഭേദഗതി സ്വകാര്യ മദ്യ ലോബിയെ സഹായിക്കാൻ മാത്രമുള്ളതാണെന്ന് ആരോപണം ഉയരുന്നു.
സഭയിൽ അവതരിപ്പിക്കുന്ന ബിൽ പാസായാൽ പിന്നീട് ഇതിന്റെ വിൽപനയ്ക്ക് സർക്കാർ അനുമതി ആവശ്യമില്ലാത്ത സാഹചര്യം സംജാതമാകും. അങ്ങനെയൊരു സാഹചര്യത്തിൽ യുഡിഎഫ് ചർച്ചയ്ക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് വിമർശകർ ചോദിക്കുന്നു.
ബജറ്റ് നിർദ്ദേശങ്ങൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് അന്തിമമാകും. നിയമത്തിന്റെ ഭാഗമായി മാറുന്ന ഈ നികുതി നിർദ്ദേശം പിന്നീട് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മരവിപ്പിക്കാൻ സർക്കാരിന് കഴിയില്ല.
അതിനാൽ തന്നെ, യുഡിഎഫ് ചർച്ചയെന്നത് മദ്യക്കമ്പനികളുടെ വഴിവിട്ട ആവശ്യങ്ങൾ അംഗീകരിച്ചെടുക്കാനുള്ള ഒരു പുകമറ മാത്രമാണെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്.
ഫിനാൻസ് ബില്ലിലെ നിർദ്ദേശങ്ങൾ പ്രകാരം, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 10 ശതമാനം മുതൽ 120 ശതമാനം വരെയും, 10 മുതൽ 20 ശതമാനം വരെ മദ്യത്തിന് 175 ശതമാനം എന്ന നിലയിലും ഇളവ് നൽകാനാണ് നീക്കം. ഇത്തരത്തിൽ വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ഠിത ഐഎംഎഫ്എൽ കാറ്റഗറിക്ക് സംസ്ഥാനത്ത് നികുതി ഇളവ് നൽകുന്നത് ഇതാദ്യമായാണ്.
ബജറ്റ് അവതരിപ്പിച്ച സമയം മുതൽ പ്രഖ്യാപനങ്ങളെ ന്യായീകരിച്ച മുഖ്യമന്ത്രി, മദ്യനികുതി ഇളവിന്റെ കാര്യത്തിൽ യുഡിഎഫ് തീരുമാനം ആയിട്ടില്ലെന്ന വിചിത്ര വാദമാണ് ഉയർത്തുന്നത്. എന്നാൽ പ്രതിപക്ഷത്തിന്റെയും വിവിധ മതസാമുദായിക സംഘടനകളുടെയും ശക്തമായ എതിർപ്പുകൾ നിലനിൽക്കെ, ഭരണമുന്നണിയിൽ നിന്ന് പോലും അതൃപ്തിയുടെ സ്വരങ്ങൾ ഉയരുന്നുണ്ട്.
എക്സൈസ് വകുപ്പിന്റെ അറിവോടുകൂടിയല്ല ഈ മാറ്റങ്ങൾ വന്നതെന്ന എക്സൈസ് മന്ത്രിയുടെ പ്രതികരണം മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ ഇടപെടലിലേക്കാണ് വിരൽ ചൂണ്ടുന്നത്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറ്റ് വകുപ്പുകൾക്ക് മേൽ സ്വന്തം താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
മുന്നണിയോ മന്ത്രിസഭയോ അറിയാതെ ഇത്തരം നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് ജനാധിപത്യ രീതിക്ക് യോജിച്ചതല്ലെന്നും, മദ്യനികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം സർക്കാർ അടിയന്തരമായി തിരുത്തണമെന്നും ആവശ്യമുയരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

