ചേർത്തലയിലെ ദേശീയപാത സർവീസ് റോഡുകളിൽ രൂപപ്പെട്ട വലിയ കുഴികളും വെള്ളക്കെട്ടും യാത്രക്കാർക്ക് കടുത്ത ദുരിതം സമ്മാനിക്കുന്നു.
ഒറ്റ ദിവസത്തെ മഴയിൽ തന്നെ റോഡുകൾ തകർന്നതോടെ പ്രധാന ജംക്ഷനുകൾ വഴിയുള്ള ഗതാഗതം അപകടകരമായി മാറി. തങ്കിക്കവല, ഒറ്റപ്പുന്ന, എക്സ്റേ ജംക്ഷൻ, കണിച്ചുകുളങ്ങര തുടങ്ങിയ മേഖലകളിലെ സർവീസ് റോഡുകളിലാണ് നിലവിൽ സ്ഥിതി അതീവ ഗുരുതരമായിരിക്കുന്നത്.
മേൽപാലങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലാണ് കുഴികൾ കൂടുതലായി കാണപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തങ്കിക്കവലയിലെ കുഴിയിൽ വീണ് രണ്ട് ബൈക്ക് യാത്രികർക്ക് അപകടം സംഭവിച്ചിരുന്നു.
ഭാഗ്യവശാൽ ആർക്കും സാരമായ പരുക്കുകളില്ല. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ളതിനാൽ ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
രണ്ടാഴ്ച മുൻപ് തന്നെ സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ ജനപ്രതിനിധികൾ ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ കുഴികൾ അടയ്ക്കാനോ വെള്ളക്കെട്ട് പരിഹരിക്കാനോ യാതൊരു നടപടിയും സ്വീകരിച്ചില്ല.
മഴ മാറിയ സമയത്ത് അറ്റകുറ്റപ്പണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള അവസരം അധികൃതർ പാഴാക്കി. നിലവിൽ രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുകയാണ്.
സർവീസ് റോഡുകളിലെ കുഴികൾ അടിയന്തരമായി അടച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന ആവശ്യവുമായി യാത്രക്കാർ പ്രതിഷേധത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

