ആഗോള ഓഹരി വിപണിയിൽ വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് ലോകം. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ മറികടന്ന് തായ്വാൻ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
നിലവിലെ കണക്കുകൾ പ്രകാരം തായ്വാനിലെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ വിപണി മൂല്യം ഏകദേശം 4.95 ട്രില്യൻ ഡോളറാണ്.
അതേസമയം, ഇന്ത്യയുടെ വിപണി മൂല്യം 4.92 ട്രില്യൻ ഡോളറുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ അതിവേഗ വളർച്ചയാണ് തായ്വാന്റെ ഈ മുന്നേറ്റത്തിന് കരുത്തായത്.
കൃത്രിമ ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യകളിൽ കൂടുതൽ നിക്ഷേപം നടത്തിയില്ലെങ്കിൽ ഇന്ത്യയ്ക്ക് നിലവിലെ ആറാം സ്ഥാനം പോലും നിലനിർത്താൻ പ്രയാസകരമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമാനമായ രീതിയിൽ എഐ രംഗത്ത് വലിയ വളർച്ച കൈവരിച്ച ദക്ഷിണകൊറിയയും ഇന്ത്യയ്ക്ക് വെല്ലുവിളിയായി തൊട്ടുപിന്നിലുണ്ട്.
ഇന്ത്യൻ ഐടി ഓഹരികളിൽ മാസങ്ങളായി തുടരുന്ന വിറ്റൊഴിക്കൽ ഈ വിപണിമാറ്റത്തിന്റെ സൂചനകളാണ്. ആഗോള റാങ്കിംഗും സമ്പദ്വ്യവസ്ഥയും
ലോക വിപണിയിൽ 77.95 ട്രില്യൻ ഡോളർ മൂല്യത്തോടെ അമേരിക്കയാണ് ഒന്നാമത്.
ചൈന (15.6 ട്രില്യൻ ഡോളർ), ജപ്പാൻ (8.7 ട്രില്യൻ ഡോളർ) എന്നിവർ തൊട്ടുപിന്നിലുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയെ നിർവചിക്കുന്ന പ്രധാന ഘടകമായി എഐ മാറുന്നുവെന്നതിന്റെ തെളിവാണ് ഈ മാറ്റങ്ങൾ.
ടിഎസ്എംസി എന്ന കരുത്ത്
തായ്വാന്റെ സമ്പദ്വ്യവസ്ഥ ഇന്ത്യയുടെ നാലിലൊന്നു മാത്രമാണെങ്കിലും, എഐ ചിപ്പ് നിർമ്മാണ രംഗത്തെ വമ്പനായ തയ്വാൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനി (ടിഎസ്എംസി) നൽകുന്ന കരുത്ത് വലുതാണ്. തായ്വാന്റെ പ്രധാന സൂചികയുടെ 42 മുതൽ 45 ശതമാനം വരെ വിഹിതം ഇപ്പോൾ ഈ ഒറ്റ കമ്പനിയുടേതാണ്.
2024 സെപ്റ്റംബർ മുതൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ച 2.2 ലക്ഷം കോടി രൂപയിൽ വലിയൊരു ഭാഗം ഇത്തരം സെമികണ്ടക്ടർ കമ്പനികളിലേക്കാണ് ഒഴുകുന്നത്. ഇന്ത്യയുടെ നിലപാട്
ആഭ്യന്തര ഉപഭോഗം അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ വിപണിക്ക് സ്ഥിരതയുണ്ടെങ്കിലും, എഐ ഹാർഡ്വെയർ നിർമ്മാണ രംഗത്ത് രാജ്യം ഇപ്പോഴും പരിമിതമായ പങ്കാളിത്തമേ വഹിക്കുന്നുള്ളൂ.
എന്നാൽ ഇന്ത്യൻ വിപണിയുടെ കരുത്തിൽ വിശ്വാസമർപ്പിച്ച് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. “ഇന്ത്യൻ വിപണി കൂടുതൽ വൈവിധ്യപൂർണവും സുരക്ഷിതവുമാണ്.
നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല” – തുഹിൻ കാന്ത പാണ്ഡേ, സെബി മേധാവി.
ലോകമെമ്പാടുമുള്ള നിക്ഷേപ ഒഴുക്കിൽ വലിയ പുനഃക്രമീകരണം നടക്കുന്ന ഈ ഘട്ടത്തിൽ, എഐ സാങ്കേതികവിദ്യകളിലെ നിക്ഷേപം ഇന്ത്യയുടെ ഭാവിയിൽ നിർണായകമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

