അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച സൈനിക നടപടികള്‍ക്ക് തുടക്കമിട്ടിട്ട് ഇന്നേക്ക് മൂന്ന് മാസം തികയുന്നു. ഓപ്പറേഷന് എപ്പിക് ഫ്യൂറി എന്ന പേരില്‍ ഫെബ്രുവരി 28-നാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്.
ഇറാന്റെ ആണവ നിലയങ്ങളും മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും ഭരണസിരാകേന്ദ്രങ്ങളും ലക്ഷ്യമാക്കിയായിരുന്നു ആദ്യഘട്ട ആക്രമണങ്ങള്‍ അരങ്ങേറിയത്.
യുദ്ധത്തിന്റെ ആദ്യ നാളില്‍ തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചു. മിനാബിലെ സ്കൂള്‍ കെട്ടിടത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 165 കുട്ടികളുടെ ദാരുണ അന്ത്യം ലോക മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയിരുന്നു.
പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇസ്രയേലിലേക്കും ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്കും ഇറാന് മിസൈലുകള്‍ തൊടുത്തു. മാര്‍ച്ച് 4-ന് ശ്രീലങ്കക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇറാന്റെ ഐറിസ് ദേന എന്ന കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 87 നാവികര്‍ കൊല്ലപ്പെട്ടു.
തുടര്‍ന്നുള്ള സംഘര്‍ഷങ്ങളില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി, ബാസിജ് കമാന്‍ഡര്‍ ഗുലാം റിസ സുലൈമാനി തുടങ്ങിയ പ്രമുഖരും ജീവന് വെടിഞ്ഞു. നിലവില്‍ മുജ്തബ ഖമനയി പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും, അദ്ദേഹം പരസ്യമായി രംഗത്ത് വരാതെ പ്രസ്താവനകളിലൂടെയാണ് നിലപാട് വ്യക്തമാക്കുന്നത്.
മാര്‍ച്ച് 17-ന് സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേരെയുണ്ടായ ആക്രമണം യുദ്ധത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിച്ചു. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന് ഉപരോധിച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു.
പ്രശ്നപരിഹാരത്തിനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി ഇറാന് തള്ളിക്കളഞ്ഞു. ഏപ്രില്‍ 11, 12 തീയതികളില്‍ ഇസ്ലാമാബാദില് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഹോര്‍മുസില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
മെയ് 4-ന് പ്രഖ്യാപിച്ച പ്രോജക്ട് ഫ്രീഡം യുഎഇയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു. യുദ്ധം അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചെങ്കിലും, അതിനുശേഷവും സൈനിക നീക്കങ്ങള്‍ തുടരുന്നുണ്ട്.
മെയ് 26-ന് തെക്കന്‍ ഇറാനിലെ മിസൈല്‍ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണം തിരിച്ചടിക്കുമെന്ന മുന്നറിയിപ്പിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ ഇടയ്ക്കിടെ നടക്കുന്നുണ്ടെങ്കിലും മൂന്ന് മാസം പിന്നിടുമ്പോഴും യുദ്ധഭീതിക്കും അനിശ്ചിതത്വത്തിനും മാറ്റമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

