
നവകേരള സദസ്സിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടി രൂപ; ഓരോ മണ്ഡലത്തിനും പരമാവധി 7 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയാറാക്കിയ മാർഗനിർദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചിട്ടുണ്ട്. സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മലപ്പുറം ജില്ലയുടെ കാര്യത്തില്‍ പിന്നീട് അറിയിപ്പ് ഉണ്ടാകും. മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അധിക തസ്തികകള്‍
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തികകള്‍ അനുവദിച്ചു. 2024-2025 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണ്ണയ പ്രകാരം, മേഖലയിലെ 552 സ്കൂളുകളില്‍ 915 അധിക തസ്തികകൾ അനുവദിച്ചു. 658 എയ്ഡഡ് സ്കൂളുകളില്‍ 1,304 അധിക തസ്തികകളും അനുവദിച്ചു. ആകെ 1,210 സർക്കാർ/എയ്ഡഡ് സ്കൂളുകളിലായി 2,219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്.
ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും
കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനുള്ള നടപടി സ്വീകരിക്കാന്‍ വനം-വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി. നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഹോണററി വൈൽഡ് ലൈഫ് വാർഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാർഗ്ഗനിർദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീർഘിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിഴിഞ്ഞം സർക്കാർ സ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യും
വിഴിഞ്ഞം ഹാർബർ ഏരിയ ഗവ.എൽപി സ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യും. തീരദേശത്തെ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്നതിന്റെ അടിസ്ഥാനത്തിലും വിദ്യാലയത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ തുടർപഠനത്തിനായി മറ്റു വിദ്യാലയങ്ങൾ നിലവിലില്ല എന്ന വസ്തുത പരിഗണിച്ചുമാണ് നടപടി. അധ്യാപക/അനധ്യാപക ജീവനക്കാരുടെ ആവശ്യകത പുനർവിന്യാസം വഴി നിറവേറ്റണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്.