
വാഷിംഗ്ടൺ: അന്തർ ദേശീയ വിദ്യാർത്ഥികൾക്കുള്ള വിസ സംബന്ധിയായ നടപടി ക്രമങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അപേക്ഷകരുടെ സമുഹമാധ്യമങ്ങളിലെ പെരുമാറ്റം വിശദമായി വിലയിരുത്തിയ ശേഷം മാത്രമാകും ഇനി വിദേശ വിദ്യാർത്ഥികൾക്കായി വിസ നൽകുകയെന്നാണ് ട്രംപ് ഭരണകൂടം വിശദമാക്കുന്നത്. പുതിയൊരു നിർദ്ദേശം വരുന്നത് വരെ വിസയ്ക്കായുള്ള അഭിമുഖങ്ങൾ അടക്കമുള്ളവ നിർത്താനാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നയതന്ത്ര പദവികളിലെ ഉദ്യോഗസ്ഥർക്കായി നൽകിയ നിർദ്ദേശത്തിൽ വിശദമാക്കുന്നത്.
അപേക്ഷകരുടെ സമൂഹമാധ്യമങ്ങളിലെ പെരുമാറ്റം സൂക്ഷ്മമായി വിലയിരുത്തണമെന്ന് കോൺസുലേറ്റുകൾക്കും ട്രംപ് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളിൽ ഇടത് അനുഭാവ നിലപാടുകൾ പിന്തുടരുന്നത് വ്യാപകമായതാണ് ട്രംപ് സർക്കാരിന്റെ നടപടിക്ക് കാരണമായതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചില ക്യാംപസുകളിൽ യഹൂദ വിരുദ്ധത വച്ച് പുലർത്തപ്പെടുന്നുണ്ടെന്നും ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നുണ്ട്. അതിനാലാണ് പ്രവേശന നടപടികളിൽ ശക്തമായ നിരീക്ഷണം നടത്താൻ എംബസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ വിസ അഭിമുഖത്തിന് തിയതി അനുവദിച്ചവർക്ക് പുതിയ നയം ബാധകമാവില്ല. എന്നാൽ പുതിയ അപേക്ഷകൾക്കെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലെ വെറ്റിംഗ് ശക്തമാവുമെന്നാണ് വ്യക്തമാവുന്നത്. അമേരിക്കയിലെ സർവ്വകലാശാലകളിൽ പഠിക്കാൻ ഉദ്ദേശിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവരുടെ മാതൃരാജ്യങ്ങളിലെ യുഎസ് എംബസികളിൽ വച്ചാണ് വിസ അഭിമുറം നടക്കാറ്. അമേരിക്കയിലെ ഏറിയ പങ്കും സർവ്വകലാശാലകളും വിദേശ വിദ്യാർത്ഥികളുടെ ഫീസിനെ സർവ്വകലാശാല പ്രവർത്തനത്തിനായി ആശ്രയിക്കുന്നുണ്ട്. തദ്ദേശീയരായ വിദ്യാർത്ഥികളേക്കാൾ കൂടിയ ഫീസാണ് അന്തർ ദേശീയ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. രാജ്യത്തേക്ക് എത്തുന്നത് ആരാണെന്ന് എന്ന് കൃത്യമായി അറിയേണ്ടതുണ്ട്. അതിനാൽ ശക്തമായ നടപടി തുടരുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടമ്മി ബ്രൂസ് ചൊവ്വാഴ്ച വിശദമാക്കിയത്.
ട്രംപ് ഭരണകൂടം സർവ്വകലാശാലകൾക്കുള്ള സാമ്പത്തിക സഹായം മരവിപ്പിക്കുകയും വിദ്യാർത്ഥികളെ നാടുകടത്തുന്നത് തുടരുകയും ചെയ്യുന്നതിന് ഇടയിലാണ് പുതിയ മാറ്റമെന്നതാണ് ശ്രദ്ധേയമായ കാര്യം. നാടുകടത്തൽ നിലപാടിനെതിരെ കോടതിയിൽ നിന്ന് തിരിച്ചടി പതിവായതോടെയാണ് വിസ അഭിമുഖങ്ങൾ വളരെ കർശനമാക്കാനുള്ള നീക്കത്തിൽ ട്രംപ് ഭരണകൂടമുള്ളത്. പലസ്തീൻ അനുകൂല നിലപാടും പ്രവർത്തനങ്ങളും പല സർവ്വകലാശാലകളും ക്യാംപസിൽ അനുവദിക്കുന്നുവെന്നാണ് വൈറ്റ് ഹൌസ് ആരോപിക്കുന്നത്. എന്നാൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടമെന്നാണ് സർവ്വകലാശാലകൾ നീക്കത്തെ നിരീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]