സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടി അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കെതിരെ പോലീസ് കേസെടുത്തു. കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളത്ത് നടപടിയുണ്ടായിരിക്കുന്നത്.
എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ഉൾപ്പെടുത്താത്തതിനാൽ അൻസിബ കോടതി അലക്ഷ്യ ഹർജി സമർപ്പിക്കാനൊരുങ്ങുകയാണ്. യൂട്യൂബ് വഴി നടക്കുന്ന അപവാദപ്രചാരണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് മുൻപ് പാലാരിവട്ടം പോലീസ് സ്റ്റേഷനിലും കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും അൻസിബ ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് അന്ന് കോടതി ഉത്തരവിട്ടത്.
മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കൃത്യമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് പിന്നീട് ഹൈക്കോടതിയെയാണ് സമീപിച്ചത്. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് മജിസ്ട്രേറ്റ് കോടതി ഇപ്പോൾ കേസെടുക്കാൻ ഉത്തരവിട്ടത്.
ലക്ഷ്മിപ്രിയയും യൂട്യൂബ് ചാനൽ ഉടമയും നടി ശ്വേതാ മേനോൻ എന്നിവർ ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ നിരന്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് അൻസിബയുടെ പ്രധാന ആരോപണം. പരാതിയിൽ കേസെടുക്കാനുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിച്ച് തെളിവുകൾ വിലയിരുത്താൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

